കോഴിക്കോട്: വീണ്ടും മന്ത്രിയാവാത്തതിൽ നിരാശയില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. നമ്മൾ എവിടെയാണോ നിൽക്കുന്നത് അവിടെ നന്നായി കാര്യങ്ങൾ ചെയ്യുകയാണ് പ്രധാനമെന്നും അവർ പറഞ്ഞു. തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഇപ്പോഴും ചെയ്യുന്നുണ്ട്. രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചർ.
താനൊരു കമ്യൂണിസ്റ്റാണ്. പാർലമെന്ററി പ്രവർത്തനവും സംഘടനാ പ്രവർത്തനവും ഒരുപോലെയാണെന്നാണ് തന്നെ പാർട്ടി പഠിപ്പിച്ചത്. രണ്ടാമതും മന്ത്രിയായിരുന്നെങ്കിൽ ഇവർ മാത്രമേ മന്ത്രിയാവാനുള്ളൂ എന്നു ചിലരെങ്കിലും ചോദിക്കുമായിരുന്നു. ജനസേവനത്തിന് ഏതെങ്കിലും സ്ഥാനം ആവശ്യമില്ല -അവർ പറഞ്ഞു.
കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയായി തുടരാൻ അനുവദിക്കാതിരുന്നപ്പോഴാണ് കേരളത്തിലെ മനുഷ്യരിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതെന്ന സുധീഷിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അവർ.
എഴുത്തുകാരൻ എം. മുകുന്ദൻ രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം കെ.കെ. ശൈലജക്ക് സമർപ്പിച്ചു. മേയർ ഡോ. ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, വീ ടോക്ക് മീഡിയ എക്സിക്യൂട്ടിവ് എഡിറ്റർ അശോക് ശ്രീനിവാസ്, ഉണ്ണീരിക്കുട്ടി, എം.എ. ഉണ്ണികൃഷ്ണൻ, എം.എ. ജീഷ്, ഡോ. കെ. മൊയ്തു, എ. അഭിലാഷ് ശങ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.