കോഴിക്കോട്: വിവരം നൽകുമ്പോൾ പേരറിയിക്കാത്ത ഓഫിസർമാർ ശിക്ഷാർഹരെന്ന് വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം. ചൊവ്വാഴ്ച കോഴിക്കോട് ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ കമീഷൻ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീൽ അധികാരി ഹിയറിങ്ങിന് വിളിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ ഓഫിസർ തനിക്ക് ലഭിച്ച അപേക്ഷകളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു ഓഫിസിലാണ് ഉള്ളതെങ്കിൽ അവിടേക്ക് അയച്ചുകൊടുക്കണം. ഇത്തരം അപേക്ഷകൾക്ക് അപേക്ഷ ഫീസ് ഇല്ലാതെ വിവരങ്ങൾ ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെ ഓഫിസിലേക്ക് അയച്ചുനൽകാതിരുന്ന ജില്ലയിലെ നാല് ഓഫിസർമാരെ ചട്ടപ്രകാരം ശിക്ഷിക്കാൻ കമീഷൻ തീരുമാനിച്ചതായും കമീഷണർ പറഞ്ഞു.വിവരങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടായി എന്നുള്ള നാല് കേസുകളിൽ കമീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. അപേക്ഷകന് ഒരുമാസം കഴിഞ്ഞ് വിവരം നൽകിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരെ സെക്ഷൻ 20(1) പ്രകാരം ശിക്ഷാനടപടി എടുക്കാൻ തീരുമാനിച്ചു. വണ്ടിപ്പേട്ട ഹൗസിങ് ബോർഡ് കോളനിയിൽ അനധികൃതമായി ഒഴിപ്പിച്ച ഭവനം മറ്റൊരാൾക്ക് അനുവദിച്ച് നൽകി എന്ന പരാതിയിന്മേൽ ഉന്നതതല അന്വേഷണത്തിന് കമീഷൻ ഉത്തരവിട്ടു.
പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഒരാഴ്ചക്കകം മറുപടി ലഭ്യമാക്കാമെന്ന് ബന്ധപ്പെട്ട ഓഫിസർമാർ രേഖാമൂലം എഴുതിനൽകി. കൂത്താട്ടുകുളം നഗരസഭയിലെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതിരുന്ന ഇപ്പോഴത്തെ എൽ.എസ്.ജി.ഡി കോഴിക്കോട് നോർത്ത് സർക്കിൾ ഓഫിസ് ഉദ്യോഗസ്ഥൻ ഹരജിക്കാരന് വിവരം നൽകാൻ താൽപര്യം എടുത്തില്ലെന്ന് കമീഷൻ വിലയിരുത്തി. ഇയാൾക്കെതിരെ ശിക്ഷാനടപടി എടുക്കാൻ തീരുമാനിച്ചു.
കോഴിക്കോട് മുനിസിഫ് ഓഫിസിൽ ലഭിച്ച വിവരാവകാശ അപേക്ഷക്ക് 14 ദിവസത്തിനകം മറുപടി നൽകാനും കമീഷൻ നിർദേശിച്ചു. ബേപ്പൂർ പോർട്ട് ഓഫിസിൽ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും ചേർക്കാത്തതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥക്കും കമീഷൻ ഇമ്പോസിഷൻ നൽകി. വടകര പൊലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്.ഐ.ആർ കോപ്പി നൽകാനും കമീഷൻ നിർദേശിച്ചു. വടകര ആർ.ഡി.ഒ ഓഫിസിൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിൽ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഫയൽ ആർ.ഡി.ഒക്ക് മടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.