കോഴിക്കോട്: നഗരമെങ്ങും ഓണമാഘോഷിക്കാനുള്ള തിരക്കിലായി. ഓണാവധി തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള ദിവസമായ വ്യാഴാഴ്ച ടൗണിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. മഴ മാറി നിന്നതോടെ ജനം അങ്ങാടിയിലിറങ്ങി. കോളജുകളടക്കം വിദ്യാലയങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷം നടന്നു. കേരളീയ വേഷങ്ങളണിഞ്ഞും പൂക്കളമിട്ടും പായസം നൽകിയും പാട്ട് പാടിയുമെല്ലാം ഓണാഘോഷം നടന്നു. ഓണവിഭവങ്ങൾ വാങ്ങാൻ കുടുംബങ്ങൾ ഒന്നിച്ചെത്തി. കച്ചവട കേന്ദ്രങ്ങളിലും നഗരത്തിൽ വിവിധയിടങ്ങളിൽ നടക്കുന്ന മേളകളിലും നല്ല തിരക്കായിരുന്നു. മിഠായിത്തെരുവ്, പാളയം, മൊയ്തീൻ പള്ളി റോഡ്, കോർട്ട് റോഡ്, എം.എം. അലി റോഡ്, പി.എം. താജ് റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡും ജനങ്ങളാൽ നിറഞ്ഞു.
പാളയത്ത് പച്ചക്കറിക്കച്ചവടവും പൂക്കച്ചവടവും തകൃതിയാണ്. പാളയത്ത് പൂക്കൾക്കായുള്ള മൊത്തവിപണന കേന്ദ്രങ്ങളിലും തിരക്കാണ്. സ്കൂൾ അവധി തുടങ്ങുന്നതിനാൽ പാളയത്ത് നിരവധിയിടത്തായി ആരംഭിച്ച താൽക്കാലിക പൂക്കടകൾക്ക് മുന്നിൽ നല്ല തിരക്കുണ്ടായിരുന്നു. ജനമൊഴുകിയതോടെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുമുണ്ടായി. ഹോട്ടലുകളിലും കാറ്ററിങ് യൂനിറ്റുകളും ഓണസദ്യക്കുള്ള ഓഫറുകളുമായി ഇറങ്ങിയിട്ടുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ പായസമേളകളും നടക്കുന്നു. ഓണപ്പൊട്ടനായി പലരും വേഷം കെട്ടിയിറങ്ങി. വലിയങ്ങാടിയിലും നഗരത്തിലെ പുതിയതടക്കം മാളുകളിലും ആളുകളേറെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.