കോഴിക്കോട്: ഓണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വറുത്തകായയെങ്കിലും വിലക്കയറ്റം കടുപ്പമാണ്. രണ്ടാഴ്ച മുമ്പ് കിലോക്ക് 300 മുതൽ 320 വരെയുണ്ടായിരുന്ന വറുത്തകായക്ക് ഓണമടുത്തപ്പോൾ 340 മുതൽ 360 വരെയായി വിലയുയർന്നു. നഗരത്തിൽ 400 രൂപ വരെ ഇൗടാക്കുന്നവരുമുണ്ട്.
എന്നാൽ കോവിഡ് കാലത്തെ പ്രവണതയായ വഴിയോരത്തെ വറുത്തകായ വിൽപനക്കാരിൽനിന്ന് 160 രൂപക്ക് വരെ വറുത്തകായ കിട്ടും. ജില്ലയിൽ പലഭാഗത്തും റോഡരികിൽ വറുത്തകായ വിൽപന തകൃതിയാണ്. പ്രവാസികളും കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുമെല്ലാം സജീവമാണ്.
നേന്ത്രപ്പഴത്തിനും വെളിച്ചെണ്ണക്കും വിലകൂടിയതാണ് വിലക്കയറ്റത്തിന് കാരണം പറയുന്നത്. നേന്ത്രന് കിലോക്ക് 65 രൂപ വരെ വിലയുണ്ട്. ഓണത്തിെൻറ മറ്റ് പ്രിയപ്പെട്ടയിനങ്ങളായ ശർക്കരയുപ്പേരിക്കും വറുത്ത ഉപ്പേരിക്കും മറ്റു ചിപ്സുകൾക്കുമെല്ലാം വറുത്തകായയുടെ വിലതന്നെയാണ്.
വണ്ണം കൂടിയ നാടൻ, മേട്ടുപ്പാളയം കുലകളാണ് വറുത്തകായയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. പകരം മാർക്കറ്റിൽ ലഭ്യമായ വിലകുറഞ്ഞയിനങ്ങൾ ഉപയോഗിക്കുന്നവരാണ് വറുത്തകായ വിലകുറച്ച് വിൽക്കുന്നതെന്ന് ബേക്കറിയുടമകൾ പറയുന്നു.
ബേക്കറികളിൽ ഹലുവ, പാക്ക്, ലഡു തുടങ്ങിയ ഇനങ്ങൾക്കും ഓണക്കാലത്ത് നല്ല ഡിമാൻറാണ്. ഓണ സമ്മാനമായി നൽകാനാണ് ഇവ കൂടുതൽ വിറ്റുപോവുന്നത്. എങ്കിലും കോവിഡ് പ്രതിസന്ധികാലത്ത് കച്ചവടം പാതിയായി കുറഞ്ഞുവെന്നാണ് കച്ചവടക്കാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.