പി. സുധാകരൻ നമ്പീശൻ; നഷ്ടമായത് കരുത്തനായ രാഷ്ട്രീയ അമരക്കാരനെ

നടുവണ്ണൂർ: പി. സുധാകരൻ നമ്പീശന്റെ നിര്യാണത്തോടെ നടുവണ്ണൂരിന് നഷ്ടമായത് കരുത്തനായ രാഷ്ട്രീയ അമരക്കാരനെ. നടുവണ്ണൂരിൽ കോൺഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു പി. സുധാകരൻ നമ്പീശൻ.

സംഘടന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തകനും നേതാവുമായി അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് വേളകളിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും നിർണായകമായി. കോൺഗ്രസിന്റെ നടുവണ്ണൂരിലെ ജനകീയ മുഖമായിരുന്നു അദ്ദേഹം.

അരിക്കുളം കെ.പി.എം.എസ്.എം ഹയർസെക്കൻഡറി സ്കൂൾ സയൻസ് അധ്യാപകനായിരുന്ന അദ്ദേഹം നടുവണ്ണൂരിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.

കീഴില്ലം കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരേക്കർ വിസ്തീർണമുള്ള കാവിൽ ദേശത്തെ കാവുംകുളം നാടിന് സൗജന്യമായി വിട്ടുനൽകിയത് തറവാട്ട് കാരണവരായ സുധാകരൻ നമ്പീശന്റെ താൽപര്യപ്രകാരമായിരുന്നു. നീതിനിഷേധിക്കപ്പെടുന്നവർക്ക് നിയമസഹായം നൽകുന്നതിന് അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു.

കാവിൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, നടുവണ്ണൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കാവിൽ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി, കെ.എസ്.എസ്.പി.എ ബ്ലോക്ക് കമ്മിറ്റി അംഗം, ബാലുശ്ശേരി കയർ ക്ലസ്റ്റർ ഡയറക്ടർ, കാവുന്തറ കയർ സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

പാവപ്പെട്ടവർക്കുള്ള ഭവന നിർമാണത്തിലും രോഗികളുടെ ചികിത്സ സഹായ കമ്മിറ്റികളിലും സജീവമായിരുന്നു അദ്ദേഹം. നിര്യാണത്തിൽ നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. സുധാകരൻ നമ്പീശന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും തീരാനഷ്ടമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

Tags:    
News Summary - P. Sudhakaran Nambeesan-A strong politician has been lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.