കോഴിക്കോടിന്റെ പൈതൃകമായ പാളയം പച്ചക്കറി മാർക്കറ്റ് മാറ്റാനുള്ള കോർപറേഷന്റെ നീക്കത്തെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്ന് കെ. സുധാകരൻ. മാർക്കറ്റ് മാറ്റുന്നത് പാളയത്തെ വ്യാപാരികളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുമെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് പിന്തുണ വേണമെന്നുമുള്ള വ്യാപാരി പ്രതിനിധിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കല്ലായ് പുഴ കൈയേറ്റം അടക്കമുള്ള വിഷയങ്ങളിൽ നിയമവ്യവഹാരം ശക്തമാക്കുന്നതിന് ലീഗൽ സെൽ രൂപവത്കരിക്കുമെന്നും ഇതിന് ഡി.സി.സി പ്രസിഡന്റും എം.പിയും നേതൃത്വം നൽകണമെന്നും കെ. സുധാകരൻ നിർദേശിച്ചു. പുതുപ്പാടി പഞ്ചായത്തിലെ കർഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കാത്തതും നികുതി സ്വീകരിക്കാത്തതും സദസ്സിൽ ഉന്നയിച്ചു.
കേരകര്ഷര് നേരിടുന്ന പ്രശ്നങ്ങള്‍, നെൽ കര്‍ഷകരുടെ പ്രശ്നങ്ങള്‍, ക്ഷീരമേഖല, പരമ്പരാഗത മത്സ്യമേഖല, തെരുവുകച്ചവടം, തൊഴിലുറപ്പ് പദ്ധതി, അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരുടെ പരാതികൾ സ്വീകരിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ച് ഉന്നത ബിരുദം നേടുന്നവര്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ ആശങ്കയറിയിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതമൂലം യുവാക്കള്‍ തുടര്‍പഠനത്തിനും ജോലിക്കുമായി മറ്റു രാജ്യങ്ങളിലേക്ക് പോവുകയാണെന്നും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് തിരിച്ചടിയാകുമെന്നും വിദ്യാര്‍ഥികള്‍ സദസ്സിന്റെ ശ്രദ്ധയിൽപെടുത്തി. നിയമസഭയില്‍ അറിയിക്കേണ്ട വിഷയങ്ങള്‍ ധരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തേണ്ട വിഷയങ്ങള്‍ അപ്രകാരം കൈകാര്യം ചെയ്യുമെന്നും പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ട വിഷയങ്ങളില്‍ ഒപ്പമുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉറപ്പുനല്‍കി.
രാവിലെ 10.15 മുതല്‍ ആരംഭിച്ച ചര്‍ച്ച സദസ്സില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പരാതിയുമായെത്തി. പഴകുളം മധു ആമുഖ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭാവത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനില്‍കുമാര്‍, എം.കെ. രാഘവന് എം.പി എന്നിവരും ജനസദസ്സില്‍ മറുപടി പ്രസംഗം നടത്തി. വി.ടി. ബല്‍റാം, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്, അഡ്വ. പി.എം. നിയാസ്, അഡ്വ. കെ. ജയന്ത്, ദീപ്തി മേരി വര്‍ഗീസ്, കെ.സി. അബു എന്നിവരും സദസ്സിന് നേതൃത്വം നല്കി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.