കോഴിക്കോട്: സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിലെ പ്രധാന പ്രതികളെ ആറുമാസമായിട്ടും പൊലീസിന് പിടികൂടാനായില്ല. ജൂലൈ ആദ്യവാരത്തിലാണ് നഗരത്തിൽ സിറ്റിപൊലീസ് മേധാവി ഓഫിസിന് 500 മീറ്റർ ചുറ്റളവിലുൾപ്പെടെ ഏഴിടത്തായി സ്ഥാപിച്ച നിയമവിരുദ്ധ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സിംബോക്സുകൾ അടക്കം ചൈനയിൽ നിന്നെത്തിച്ച ഉപകരണങ്ങളും നൂറുകണക്കിന് സിംകാർഡുകളും പിടികൂടിയതിനു പുറമെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരായ മൂരിയാട് സ്വദേശി പി.പി. ഷബീർ, പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ എന്നിവരെയാണ് ഇതുവരെ പിടികൂടാൻ കഴിയാത്തത്.
ഇവരുടെ വീടുകളിലടക്കം നിരവധി തവണ അന്വേഷണ സംഘം പരിശോധന നടത്തുകയും ബന്ധുക്കളുടെ മൊഴിയെടുക്കുകയും ചെയ്തെങ്കിലും പ്രതികൾ എവിടെയാണുള്ളതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും പ്രതികളുടെ ഒളിവുസങ്കേതം വ്യക്തമായിട്ടില്ല.
കർണാടക, തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ഈ പ്രതികളിലേക്കെത്തിയില്ല. അതിനിടെ ബംഗളൂരുവിൽ നിന്ന് സമാനകേസിൽ അറസ്റ്റിലായ മലപ്പുറം കോട്ടക്കൽ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ ചോദ്യം ചെയ്തതോടെ രാജ്യസുരക്ഷയെവരെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഇവരുടെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തി. ഇതോടെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അടക്കമുള്ളവർ കേസിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും സമാന എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ ജില്ല ക്രൈംബ്രാഞ്ച് (സി -ബ്രാഞ്ച്) അന്വേഷിച്ച കോഴിക്കോട്ടെ കേസുകളിലടക്കം തുടരന്വേഷണത്തിന് ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു. കേസിന്റെ അന്വേഷണമിപ്പോൾ മന്ദഗതിയിലായതോടെ നാലാംപ്രതി അബ്ദുൽ ഗഫൂർ ഹൈകോടതിയെ സമീപിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന അന്താരാഷ്ട്ര ബന്ധമുള്ള കേസാണിതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. കോഴിക്കോട്ടെ നിയമ വിരുദ്ധ എക്സ്ചേഞ്ചുകളിൽ നിന്ന് 26 സിംബോക്സുകളും 25 റൂട്ടേഴ്സും 730 സിംകാര്ഡുകളുമാണ് പിടികൂടിയത്.
എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചത് ഇന്റര്‍നെറ്റ് വഴി കാള്‍ ബൈപാസ് ചെയ്ത്
കോഴിക്കോട്: അന്താരാഷ്ട്ര ഇന്റര്‍കണക്ട് കാരിയറെ ഒഴിവാക്കി ഇന്റര്‍നെറ്റ് വഴി കാള്‍ ബൈപാസ് ചെയ്താണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചത്. നിലവിൽ വിദേശത്തുനിന്നുള്ള കാൾ അവിടത്തെ ഗേറ്റ്വേയിലൂടെ ഇന്റര്‍നാഷനല്‍ ഇന്റര്‍കണക്ട് കാരിയര്‍ വഴി ഇവിടത്തെ ഗേറ്റ്വേയിലെത്തി സെല്ലുലാർ ഓപറേറ്ററിലൂടെ ഫോണിലെത്തുകയാണ് ചെയ്യുന്നത്. ടി.ഡി.എം സാങ്കേതിക വിദ്യയുള്ള പ്രത്യേക സര്‍ക്യൂട്ടുകള്‍ വഴിയാണ് ഇവ സാധ്യമാക്കുന്നത്.
എന്നാൽ, വിദേശ നെറ്റ്വര്‍ക്കിനെയും ഇന്റര്‍കണക്ട് കാരിയറിനെയും ഒഴിവാക്കി ഇന്റര്‍നെറ്റ് വഴി കാള്‍ സ്വീകരിച്ച് ലോക്കല്‍ കാളായി മാറ്റുകയാണ് സമാന്തര എക്സ്ചേഞ്ചിൽ ചെയ്യുന്നത്.
ഏത് ഓപറേറ്ററുടെയും നിരവധി സിം കാർഡുകൾ ഇടാനും ഇൻറർനെറ്റുമായി ബന്ധിപ്പിക്കാനും കഴിയുന്ന 'സിം ബോക്സ്' ആണ് സമാന്തര എക്സ്ചേഞ്ചിലെ പ്രധാന ഉപകരണം. ഇതിലെ ഏതെങ്കിലും സിമ്മിൽ കാള്‍ കണക്ടായാല്‍ വിദേശ നമ്പര്‍ ഡയല് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ഇന്റര്‍നെറ്റ് സഹായത്തോടെ കാള്‍ റൂട്ട് ചെയ്ത് വിദേശ ടെലികോം ഓപറേറ്ററുടെ ഗേറ്റ് വേയിലെത്തും. ഇതുവഴി സാധാരണ ലോക്കല്‍ കാള്‍ പോലെ വിദേശത്തേക്ക് കാള്‍ ചെയ്യാം. ഇത്തരം കാളുകള്‍ ടെലികോം കമ്പനികള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കും.
മാത്രമല്ല ഇവിടങ്ങളിലേക്ക് വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിയമലംഘനമാണ്. നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിച്ച് വിദേശത്തേക്ക് ബന്ധപ്പെടാനുള്ള സുരക്ഷിത മാര്‍ഗമെന്ന നിലക്കാണ് ദേശ വിരുദ്ധശക്തികളും സ്വർണക്കടത്ത് സംഘങ്ങളും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.