കോഴിക്കോട്: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ അന്വേഷണ സംഘം നടപടി തുടങ്ങി. ഇതിനായി കേസന്വേഷിക്കുന്ന സി -ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്ത് ഇവരുടെ സ്വത്തുവിവരങ്ങൾ തിരക്കി രജിസ്ട്രേഷൻ ഐ.ജിക്ക് അപേക്ഷ നൽകി.
കേസിൽ ഇതുവരെയും പിടികൂടാൻ കഴിയാത്ത കോഴിക്കോട് ചാലപ്പുറം സ്വദേശി പുത്തൻപീടിയേക്കൽ ഷബീർ, പൊറ്റമ്മൽ ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടിൽ അബ്ദുൽ ഗഫൂർ, മലപ്പുറം വാരങ്ങോട് സ്വദേശി കുട്ടശ്ശേരി നിയാസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടാൻ തീരുമാനിച്ചത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ച സംഘം സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലി കമ്യൂണിക്കേഷൻ വിഭാഗംതന്നെ കണ്ടെത്തിയത്. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം രണ്ടരക്കോടിയോളം രൂപയുടെ നഷ്ടമാണുള്ളത്.
കേസിൽ ആറുമാസത്തോളമായി ഒളിവിൽ കഴിയുന്നവരാണ് ഷബീറും അബ്ദുൽ ഗഫൂറും കൃഷ്ണപ്രസാദും. ഇതിനിടെ, അബ്ദുൽ ഗഫൂർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായത്. നിയാസിനെ അടുത്തിടെയാണ് കേസിൽ പ്രതിചേർത്തത്. ഇയാൾക്കായി തിരച്ചിൽ സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽനിന്ന് സിംബോക്സ് ഉൾപ്പെടെ ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളുമാണ് കണ്ടെത്തിയത്. ഇവിടത്തെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസ്, മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ട് എന്നിവരാണ് ഇതിനകം അറസ്റ്റിലായത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.