കോഴിക്കോട്: മാനാഞ്ചിറ കിഡ്സൺ കോർണറിലെ പഴയ സത്രം കെട്ടിടം പൊളിക്കൽ പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും കെട്ടിടാവശിഷ്ടങ്ങൾ നീക്കാനായില്ല. മിഠായിത്തെരുവിന്റെ മുഖം വികൃതമാക്കി ഭീകരാവസ്ഥയിൽ അവശിഷ്ടങ്ങൾ ഭൂരിഭാഗവും പൊളിച്ചിടത്തുതന്നെ കൂമ്പാരമായി കിടക്കുകയാണ്. അവശിഷ്ടങ്ങൾ നീക്കാൻ കാലതാമസം നേരിടുന്നതിനനുസരിച്ച് പാർക്കിങ് പ്ലാസ നിർമാണവും നീളും.
ഒരുമാസത്തിനകം അവശിഷ്ടങ്ങൾ മാറ്റാനാവുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്താവുന്നത്. അവശിഷ്ടം നീക്കിയാലേ പാർക്കിങ് പ്ലാസ പണിയാനുള്ള കരാർ പെട്ടെന്ന് ഒപ്പിടാനാവൂ. കരാർ ഒപ്പുവെച്ചാൽ എതാനും മാസത്തിനകം തറക്കല്ലിടൽ നടക്കുമെന്ന് മാസങ്ങൾക്കുമുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും പൊളിപോലെതന്നെ അവശിഷ്ടങ്ങൾ നീക്കലും വളരെ സാവധാനമാണ് നടക്കുന്നത്.
കഴിഞ്ഞ കൊല്ലം കരാറുകാർ കെട്ടിടം പൊളിക്കാൻ നടപടി തുടങ്ങിയെങ്കിലും ബിൽഡിങ്ങിലുള്ള കടക്കാരെ ഒഴിപ്പിക്കുന്നതിൽ വന്ന കാലതാമസം പൊളിക്ക് തടസ്സമായി. മാർച്ചിൽ എല്ലാവരെയും ഒഴിപ്പിച്ച് കെട്ടിടം കാലിയായിട്ടും പൊളി തീർക്കാനായില്ല. തിരക്കുള്ള സ്ഥലമായതിനാൽ രാത്രിയാണ് കാര്യമായി പൊളിക്കൽ നടത്തിയത്. 320 കാറും 184 ബൈക്കും നിർത്താൻ കഴിയുന്ന പാർക്കിങ് പ്ലാസക്കാണ് കോർപറേഷൻ പദ്ധതി.
എല്ലാ പണിയും താമസിച്ച് നീങ്ങുന്ന സാഹചര്യത്തിൽ കെട്ടിടംപണി പൂർത്തിയായിക്കാണാൻ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ആധിയിലാണ് നഗരവാസികൾ. കിഡ്സൺ ടൂറിസ്റ്റ് ഹോം പിന്നീട് കെ.ടി.ഡി.സിയുടെ മലബാർ മാൻഷനുവേണ്ടി ലീസിന് നൽകി.
തുടർന്ന് കെട്ടിടം കോർപറേഷൻ ഒഴിപ്പിച്ചെടുത്ത ശേഷമാണ് കഴിഞ്ഞ കോർപറേഷൻ കൗൺസിലിൽ പൊളിക്കാൻ തീരുമാനമെടുത്തത്. അവശിഷ്ടങ്ങൾ പെട്ടെന്ന് നീക്കാൻ കോർപറേഷൻ മരാമത്ത് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ടെന്ന് കൗൺസിൽ എസ്.കെ. അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.