കോഴിക്കോട്: കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ദുരുപയോഗം ചെയ്ത് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ സംഭവം വിവാദമായ സാഹചര്യത്തിൽ മഹിള മാള്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് നമ്പര്‍ ലഭിച്ചതും ചര്‍ച്ചയാകുന്നു. മഹിള മാളിന്റെ ചുമതലയുണ്ടായിരുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥനും കെട്ടിട ഉടമയും തമ്മിൽ ഒത്തുകളിച്ച് അനധികൃത കെട്ടിടത്തിന് നമ്പർ നേടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. മഹിള മാൾ പ്രവർത്തിക്കാതായതോടെ സംരംഭകർ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് കെട്ടിട ഉടമ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഞ്ചുലക്ഷത്തോളം രൂപ കോർപറേഷനിലെ ഉദ്യോഗസ്ഥൻ കമീഷൻ ഇനത്തിൽ കൈപ്പറ്റിയെന്ന് പറയുന്നു. കുടുംബശ്രീയുടെ കീഴിലുള്ള യൂനിറ്റി ഗ്രൂപ്പും കെട്ടിട ഉടമയും തമ്മിലാണ് മഹിള മാളിന്റെ കരാർ. ഇതുപ്രകാരം യൂനിറ്റി ഗ്രൂപ് നൽകിയ 40 ലക്ഷം രൂപയിൽ അഞ്ചുലക്ഷം രൂപ ഇടനിലക്കാരനെന്ന നിലയിൽ അന്നത്തെ ഉദ്യോഗസ്ഥന് കൈമാറിയെന്നാണ് കെട്ടിട ഉടമ സത്യവാങ്മൂലത്തിൽ പറയുന്നത്.
മഹിള മാൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സർക്കാർ പ്രോജക്ടെന്ന നിലയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയെന്നും സ്ത്രീകളെ വഞ്ചിച്ച് അനധികൃത കെട്ടിടത്തിന് നമ്പർ നേടിയെടുക്കാനുള്ള തന്ത്രം മാത്രമായിരുന്നു പദ്ധതിയെന്നുമാണ് ആക്ഷേപം. കെട്ടിടത്തെ യു.എ.സി (അൺ ഓതറൈസ്ഡ് കൺസ്ട്രക്ഷൻ) വിഭാഗത്തിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ പാർട്ടി കോർപറേഷൻ സെക്രട്ടറിക്കും ടൗൺ പ്ലാനിങ് വിഭാഗത്തിനും പരാതി നൽകിയിരുന്നു. തുടർന്ന് ടൗൺ പ്ലാനിങ് വിഭാഗം റവന്യൂ വിഭാഗത്തോട് യു.എ.സി ആക്കിമാറ്റണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ക്രമക്കേടുകൾ പരിഹരിക്കണമെന്നും ഇല്ലാത്തപക്ഷം കെട്ടിടം യു.എ.സി ആക്കി മാറ്റുമെന്നുമുള്ള നോട്ടീസ് നൽകുക മാത്രമാണ് റവന്യൂ വിഭാഗം ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് കെട്ടിട ഉടമ ജില്ല വ്യവസായ കേന്ദ്രത്തിന്റെ ലൈസൻസ് സമ്പാദിച്ച് കെട്ടിടത്തിൽ ഒരു ഫ്രൈഡ് ചിക്കൻ സ്റ്റാൾ തുടങ്ങി. ഇതോടെ യു.ഡി.എഫ് വീണ്ടും പരാതി നൽകി. തുടർന്ന് ഹെൽത്ത് സെക്രട്ടറി റവന്യൂ വിഭാഗത്തോട് കെട്ടിടം അനധികൃതമാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതിന് കൃത്യമായ ഉത്തരം നൽകാതെ റവന്യൂ വകുപ്പ് ഉരുണ്ടുകളിക്കുകയാണ്. കെട്ടിടം അനധികൃതമാണോ അല്ലയോ എന്ന് കൃത്യമായി ഉത്തരം നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്ന് കെട്ടിട ഉടമക്ക് ഒത്താശ നൽകുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.