കോഴിക്കോട്: പുതിയ പി.ജി പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ഡോക്ടർമാർ നടത്തുന്ന സമരം ശക്തമാകുന്നു. നിലവിൽ ഒ.പികൾ, ഓപറേഷൻ തിയറ്റർ, വാർഡ് എന്നിവയാണ് ഡോക്ടർമാർ ബഹിഷ്കരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗം, കോവിഡ് വിഭാഗം, ഐ.സി.യു എന്നിവകൂടി ബഹിഷ്കരിക്കുമെന്ന് മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ പ്രസിഡൻറ് ഡോ. അമിഷ്റാഹി പറഞ്ഞു.
എന്നുമുതൽ ബഹിഷ്കരണം ആരംഭിക്കണമെന്ന് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും ആശുപത്രിയിലെ ഹൗസ് സർജൻമാർകൂടി സമരത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. പി.ജി ഡോക്ടർമാർ സമരം നടത്തുമ്പോൾ ഹൗസ് സർജൻമാരും മുതിർന്ന ഡോക്ടർമാരുമാണ് വാർഡുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇവർകൂടി സമരത്തിനിറങ്ങുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റും. വിവിധ ചികിത്സകൾക്കായെത്തുന്ന സാധാരണക്കാരുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
നിലവിൽ മുഴുവൻ പി.ജി ഡോക്ടർമാരും സമരത്തിലാണ്. തീയതികൾ ഉറപ്പിച്ച ഓപറേഷനുകളാണ് മൂന്നു ദിവസമായി മുടങ്ങുന്നത്. രോഗികൾക്ക് ഒ.പികളിൽ നിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി.
അത്യാഹിത വിഭാഗത്തിൽനിന്ന് മാത്രമാണ് വാർഡുകളിലേക്ക് പൂർണമായി അഡ്മിഷൻ നടക്കുന്നത്. ജില്ലക്ക് പുറത്തുനിന്ന് എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാർഡുകളിൽനിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടർമാർതന്നെ ഡിസ്ചാർജ് കൊടുത്ത് പറഞ്ഞയക്കുന്നുണ്ട്.
നിലവിലെ സ്ഥിതി കോളജ് പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ അറിയിച്ചിട്ടുണ്ടെങ്കിലും സമരക്കാരുമായി ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. ചില സംസ്ഥാനങ്ങളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി അവിടത്തെ സർക്കാറുകൾ ചർച്ച നടത്തുന്നുണ്ട്. എന്നാൽ, കേരള സർക്കാർ സമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.