കോഴിക്കോട്: മതിയായ സീറ്റുകൾ ഇല്ലാത്തയിടങ്ങളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിലും ഇംപ്രൂവ്മെൻറ് പരീക്ഷകാര്യത്തിലും അന്തിമ തീരുമാനം അനിശ്ചിതമായി നീളുന്നതിനാൽ ഹയർസെക്കൻഡറി വിദ്യാഭ്യാസരംഗം കുഴഞ്ഞുമറിയുന്നതായി പരാതി.
മലബാർ മേഖലയിൽ ആയിരക്കണക്കിന് കുട്ടികൾ ഹയർസെക്കൻഡറി പ്രവേശനം ലഭിക്കാതെ കാത്തിരിക്കുമ്പോൾ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ഒന്നര മാസത്തോളമായിട്ടും അധിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബാച്ചുകൾ വൈകിയതോടെ മിക്ക കുട്ടികളും ഓപൺ സ്കൂൾ സംവിധാനം വഴി പ്രൈവറ്റായി പ്ലസ് വണിന് ചേർന്നുകഴിഞ്ഞു. ഓപൺ സ്കൂൾ രജിസ്ട്രേഷെൻറ അവസാന ദിനം ഡിസംബർ 15 ആണെന്നിരിക്കെ കൂടുതൽ പേർ ഓപൺ സ്കൂളിൽ ചേരും.
അതോടെ പുതിയതായി അനുവദിക്കുന്ന ബാച്ചുകൾ പ്രയോജനമില്ലാതെ പോകുന്ന സാഹചര്യം ഉണ്ടാവും. നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ സ്കൂൾ, കോമ്പിനേഷൻ മാറ്റങ്ങളും ബാച്ചുകൾ വൈകുന്നത് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.
പ്ലസ് വൺ പരീക്ഷാഫലത്തെക്കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കും മാർക്കുകൾ കുറഞ്ഞുപോയവർക്കും പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് അവസരം നൽകണമെന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യത്തിലും തീരുമാനം നീളുകയാണ്. ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷകൾ നടത്തുന്നെങ്കിൽ രണ്ടാം വർഷ ക്ലാസുകളെയും പരീക്ഷകളെയും ബാധിക്കാത്ത രീതിയിൽ അടിയന്തര ക്രമീകരണമുണ്ടാവണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അഞ്ചുമാസം വൈകി ആരംഭിച്ച പ്ലസ് ടു, പ്ലസ് വൺ ക്ലാസുകളിലേക്കുള്ള ഫോക്കസ് ഏരിയയും നിശ്ചയിച്ചുനൽകിയിട്ടില്ല. പൊതുപരീക്ഷകൾക്ക് മുമ്പായി ചുരുങ്ങിയസമയം മാത്രമുള്ളതിനാൽ പാഠഭാഗങ്ങൾ മുഴുവനായി എടുത്തുതീർക്കാനാവില്ല. ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കുന്നതിന് വിദ്യാർഥികൾക്ക് മതിയായ സമയം ലഭ്യമാകുന്നില്ലെന്നും കുട്ടികൾ പറയുന്നു.
ഈ സാഹചര്യത്തിൽ വകുപ്പിെൻറ മെല്ലപ്പോക്കും ജാഗ്രതക്കുറവും ഏറെ പ്രതിഷേധമുയർത്തുന്നുണ്ട്. ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം, ജൂനിയർ അധ്യാപകരുടെ സ്ഥാനക്കയറ്റം എന്നിവയിലും അനിശ്ചിതത്വം തുടരുകയാണ്.
ഏറെ പ്രാധാന്യമുള്ള പ്ലസ് വൺ പ്രവേശനം, ഇംപ്രൂവ്മെൻറ് പരീക്ഷ, ഹയർ സെക്കൻഡറി അധ്യയന മാർഗരേഖ, സ്ഥാനക്കയറ്റ -സ്ഥലംമാറ്റ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ വിദ്യാഭ്യാസവകുപ്പ് തുടരുന്ന നിസ്സംഗത അവസാനിപ്പിച്ച് അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ തീരുമാനങ്ങൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.