നാദാപുരം: നാദാപുരം സ്വദേശികളും ഹോട്ടൽ ഉടമകളുമായ സഹോദരങ്ങൾക്ക് എറണാകുളത്ത് പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. തൃപ്പൂണിത്തുറ പൊലീസിനെതിരെയാണ് കോഴിക്കോട് നാദാപുരം സ്വദേശികളായ കാട്ടിൽ മുഹമ്മദ് ജസീൽ (28), സഹോദരൻ ഷാഹുൽ ഹമീദ്(18) എന്നിവർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുന്നത്. മറ്റൊരു ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം മർദിച്ചെന്നും വൈദ്യപരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിക്കാരായ മുഹമ്മദ് ജസീലും ഷാഹുൽ ഹമീദും പറഞ്ഞു. തന്നെയും സഹോദരനെയും സി.ഐ നിലത്തിട്ട് ചവിട്ടിയെന്നും സിവിൽ പൊലീസ് അടക്കമുള്ളവർ ക്രൂരമായി മർദിച്ചതായും ഇരുവരും പറഞ്ഞു.
മർദനത്തിൽ ഷാഹുലിന്റെ നെഞ്ച്, പുറംഭാഗം, വയർ, നട്ടെല്ല് എന്നിവിടങ്ങളിൽ കാര്യമായ ക്ഷതമേറ്റതിനാൽ ഡോക്ടർമാർ വിദഗ്ദ ചികിത്സ ശിപാർശ ചെയ്തതായി പിതാവ് കാട്ടിൽ മുസ്തഫ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി യുവാക്കളുടെ ഹോട്ടലിന് സമീപമുള്ള മറ്റൊരു ഹോട്ടലുടമ മുഹമ്മദ് ജസീലിനും സഹോദരൻ ഷാഹുൽ ഹമീദിനുമെതിരെ പരാതി നൽകിയിരുന്നു.
തുടർന്ന് ഇരുവരെയും ഫെബ്രുവരി 24ന് രാവിലെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതിനുശേഷം ക്രൂരമർദനമായിരുന്നുവെന്നാണ് പരാതി.
മർദനത്തിനുശേഷം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുകാട്ടി ഇരുവർക്കുമെതിരെ കേസെടുത്തെന്നും, മറ്റു കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാക്കൾ പറയുന്നു.
ഇതുകൂടാതെ അറസ്റ്റിനുശേഷം വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് തിരുത്തിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.