കോഴിക്കോട്: ഹൈകോടതി റിപ്പോർട്ട് തേടിയതിനു പിന്നാലെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ സിറ്റി പൊലീസ് പരിശോധന നടത്തി സുരക്ഷാകാര്യങ്ങൾ വിലയിരുത്തി. സ്‌പെഷൽ ബ്രാഞ്ച് എ.സി.പി എ. ഉമേഷ്, മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനൻ, ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി അനിൽ ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്‌ച പരിശോധന നടത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിന് മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന് പരിശോധനയിൽ ബോധ്യമായി. ആവശ്യത്തിന് സുരക്ഷാജീവനക്കാരില്ല, അടുക്കളയിൽ ജോലിചെയ്യുന്നവരടക്കം സുരക്ഷാചുമതല വഹിക്കുന്നു, സി.സി.ടി.വി കാമറകൾ എല്ലാ ഭാഗത്തും ഇല്ല, ഉള്ളതുതന്നെ പലതും പ്രവർത്തനരഹിതമാണ്, ചുറ്റുമതിലിന് വേണ്ടത്ര ഉയരമില്ലാത്തത് ഭീഷണിയാണ്, മരങ്ങളുടെ ശാഖകളിലൂടെ കയറി ചുറ്റുമതിലിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ട്, കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ ഭീഷണിയാണെന്നു മാത്രമല്ല പലതിന്‍റെ ചുമരുകൾ പെട്ടെന്ന് തുരക്കാൻ കഴിയുന്ന രീതിയിലാണ്, പല സെല്ലിനും വേണ്ടത്ര ഉറപ്പും ബലവുമില്ല എന്നിവയടക്കമുള്ള കാര്യങ്ങളാണ് പൊലീസ് സംഘം കണ്ടെത്തിയത്. എല്ലാ കാര്യങ്ങളും പരിശോധിച്ചതായും ജീവനക്കാരിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചതായും സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് പറഞ്ഞു. ഉടൻ ഇവ റിപ്പോർട്ടാക്കി സിറ്റി പൊലീസ് മേധാവി എ. അക്ബറിന് കൈമാറും. ഇദ്ദേഹം ഇത് ഹൈകോടതിക്കും നൽകും.
ഈ വർഷം മാത്രം സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേരാണ് മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയത്. മാത്രമല്ല, സെല്ലിലെ സ്ത്രീയുടെ മർദനമേറ്റ് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെ സുരക്ഷ വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചെങ്കിലും അടുത്തിടെ വീണ്ടും സെല്ലിൽനിന്ന് രക്ഷപ്പെട്ടയാൾ മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു. ഇതിനിടെ ഹൈകോടതി ജില്ല ജഡ്ജിയോടും പൊലീസിനോടും സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടുകയായിരുന്നു. ജില്ല ജഡ്ജിയുടെ ചുമതല വഹിക്കുന്ന കെ. അനിൽകുമാറും ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജലും കഴിഞ്ഞ ദിവസം ആശുപത്രിയിൽ പരിശോധന നടത്തി ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കുതിരവട്ടത്ത് അന്തേവാസിയായ യുവതി ആത്മഹത്യക്കു ശ്രമിച്ചു
കോഴിക്കോട്: സുരക്ഷാകാര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശപ്രകാരം പൊലീസ് പരിശോധന നടത്തി മണിക്കൂർ പിന്നിടവെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ യുവതി ആത്മഹത്യക്കു ശ്രമിച്ചു. മുപ്പതുകാരിയാണ് വാർഡിലെ ജനൽക്കമ്പിയിൽ തിങ്കളാഴ്‌ച ഉച്ചയോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
കഴുത്തിൽ കുരുക്കിട്ടത് ശ്രദ്ധയിൽപെട്ടതോടെ ആശുപത്രിയിലെ ജീവനക്കാർ കുരുക്കഴിച്ചുമാറ്റി ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുണി ഉപയോഗിച്ചാണ് ഇവർ കുരുക്കുണ്ടാക്കിയത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ഇവരെ കോടതിനിർദേശത്തെ തുടർന്ന് നേരത്തേ ചേവായൂരിലെ അഗതിമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. ഇവിടെനിന്ന് മാനസിക വിഭ്രാന്തി കാണിച്ചതോടെയാണ് കുതിരവട്ടത്തേക്കു മാറ്റിയത്. യുവതി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. നേരത്തേയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.