കോഴിക്കോട്: നഗരപരിധിയിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പൊലീസിന് കർശന നിർദേശം. കൺട്രോൾ റൂമിലെ ഓരോ വാഹനവും ദിവസേന ചുരുങ്ങിയത് 25 കേസുകളെങ്കിലും പിടികൂടണം. അല്ലാത്തപക്ഷം ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നുമാണ് ഡി.സി.പിയുടെ നിർദേശം. ഇക്കാര്യം കഴിഞ്ഞ ദിവസം കൺട്രോൾ റൂം അസി. കമീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.
കൺട്രോൾ റൂമിന്റെ കീഴിൽ നഗരത്തിൽ രാവും പകലും റോന്തുചുറ്റാൻ 20 വാഹനങ്ങളാണുള്ളത്. ഇതിൽ എട്ടെണ്ണം കേടായി കട്ടപ്പുറത്താണ്. ബാക്കിയുള്ള 12 എണ്ണമാണ് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയും റോന്തുചുറ്റുന്നത്.
കേടായ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പെട്ടെന്ന് പൂർത്തീകരിച്ച് അവരോടും പെറ്റികേസുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചിട്ടുണ്ട്. ഇതോടെ കൺട്രോൾ റൂം വാഹനങ്ങളുടെയും വിവിധ സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ വാഹന പരിശോധനയടക്കം സജീവമാക്കി.
ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കൽ, മൂന്നുപേരുമായുള്ള ഇരുചക്ര വാഹനയാത്ര, ഫാൻസി നമ്പർ പ്ലേറ്റുകൾ, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, ട്രാഫിക് സിഗ്നലുകൾ തെറ്റിക്കൽ, അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, ബൈക്ക് റേസിങ്, നടവഴികളിലെ പാർക്കിങ് അടക്കമുള്ളവയിൽ പിഴചുമത്തും. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സാമ്പത്തിക പ്രതിസന്ധികൾ കൂടി മുൻനിർത്തിയാണ് പിഴചുമത്തുന്ന കേസുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചതെന്നാണ് സൂചന.
സിറ്റി പൊലീസിന് കീഴിലെ എല്ലാ പൊലീസ് സ്റ്റേഷനുകളോടും പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കൺട്രോൾ റൂം വാഹനങ്ങൾക്ക് നിശ്ചയിച്ചു നൽകിയപോലെ ഇത്ര ക്വാട്ട എന്ന കണക്ക് നൽകിയിട്ടില്ലെന്നാണ് വിവരം.
പെറ്റിക്കേസുകളുടെ എണ്ണം കൂട്ടണമെന്ന നിർദേശത്തിനെതിരെ സേനാംഗങ്ങൾക്കിടയിലും മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. എസ്.ഐമാർക്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കുമാണ് വിവിധ നിയമലംഘനങ്ങളിൽ നേരിട്ട് പിഴ ചുമത്താനാവുക.
കൺട്രോൾ റൂം വാഹനങ്ങളിൽ പലപ്പോഴും എസ്.ഐമാരിൽ താഴെ റാങ്കുള്ള ഉദ്യോഗസ്ഥർ മാത്രമാണുണ്ടാവുക. ഇവർക്ക് നിയമലംഘനം മേലുദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെടുത്താനേ കഴിയുകയുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.