വെള്ളിമാട്കുന്ന്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലെ എൺപതോളം മോഷണക്കേസുകളിൽ പ്രതികളായ കുട്ടിമോഷ്ടാക്കളെ സൃഷ്ടിച്ചത് രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണെന്ന് പൊലീസ്. രാത്രി ഏതുസമയത്തും വാതിൽ തുറന്ന് പുറത്തുപോകാനും ഇഷ്ടമുള്ളപ്പോൾ കയറിവരാനുമുള്ള സാഹചര്യമാണ് കുട്ടികളുടെ മോഷണത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും വഴിവെച്ചുകൊടുത്തത്.
കഴിഞ്ഞ ദിവസം ചേവായൂർ എസ്.ഐ അജീഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു (18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ (19) എന്നിവരെയും പ്രായപൂർത്തിയാവാത്ത കരുവിശേരി സ്വദേശികളായ രണ്ടു കുട്ടികളെയും ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന്, വീട്ടുകാരുടെ അശ്രദ്ധയാണ് കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് തിരിയാൻ കാരണമെന്ന സൂചനകൾ ലഭിച്ചത്.
ജിഷ്ണുവിനെയും ധ്രുവിനെയും കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്ത രണ്ടുപേരെ വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലാക്കി. പൊലീസിനെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു നാൽവർ സംഘത്തിന്റെ മോഷണം. 16ഉം 17ഉം വയസ്സായ കുട്ടികൾ രാത്രിയിൽ വീടുവിട്ടിറങ്ങി മോഷണം നടത്തുന്ന കഥ വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഇവർ നിരന്തരം മോഷണം നടത്തി പണം സമ്പാദിച്ചിട്ടും വീട്ടുകാരിൽ സംശയം ജനിപ്പിച്ചില്ലെന്നത് അത്ഭുതമുളവാക്കുന്നതായാണ് പൊലീസ് പറയുന്നത്. വീട്ടുകാർ അറിയാതെ വാതിൽ തുറന്ന് പുറത്തുകടക്കുന്ന സംഘം പലയിടങ്ങളിലായി ഒത്തുകൂടുകയായിരുന്നു. നേരത്തേ ഇറങ്ങേണ്ടി വന്നാൽ സുഹൃത്തുക്കളുടെ വീട്ടിൽ പിറന്നാൾ ചടങ്ങ്, കല്യാണം എന്നെല്ലാം തെറ്റിദ്ധരിപ്പിച്ചായിരുന്നുവത്രെ ഇറങ്ങിയത്.
മോഷ്ടിച്ച ബൈക്കുമായാണ് സഞ്ചാരം. നിർത്തിയിടുന്ന ബൈക്കിൽനിന്ന് പെട്രോൾ മോഷ്ടിക്കുകയും പതിവായിരുന്നുവത്രെ. കുട്ടികളുടെ മേൽ ചെറിയ സംശയം പോലും രക്ഷിതാക്കൾക്കുണ്ടായില്ല എന്നത് വലിയ കുറ്റകൃത്യത്തിന് അവസരമൊരുക്കാൻ ഇടയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടാൽ അമിത വേഗത്തിലോ ഇടവഴികളിലൂടെയോ കടന്നുകളയുകയോ അല്ലെങ്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടിമറയുകയോ ആണ് ചെയ്യാറുണ്ടായിരുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് എലത്തൂർ പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത ജിഷ്ണു മേയ് 24ന് ജാമ്യത്തിൽ ഇറങ്ങിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.