കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ നിർമിക്കാൻ പോകുന്ന പൊതു ശ്മശാനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. വാതക ശ്മശാനം ഉടനടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സമരം തുടങ്ങിയതോടെ കോൺഗ്രസ് രംഗത്തുവന്നു. നേരത്തെ ശ്മശാനത്തെ എതിർത്തവർ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ശ്മശാന നിർമാണവുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ സമരത്തിനിറങ്ങിയത്. നേരത്തെ എതിരുനിന്നതിന്റെ ജാള്യം മറച്ചുവെക്കാനാണെന്ന് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പോളി കാരക്കട ആരോപിച്ചു. കഴിഞ്ഞ 30 വർഷത്തിലധികമായി ഈ വിഷയം പഞ്ചായത്ത് ഭരണസമിതി ചർച്ചക്ക് വരുമ്പോൾ സി.പി.എം എതിർക്കുകയും വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ നിയമനടപടിക്ക് പോയത് ഇപ്പോഴത്തെ സി.പി.എം പഞ്ചായത്ത് മെംബറാണെന്നും പോളി കാരക്കട ചൂണ്ടിക്കാട്ടി
കോടതിവിധി പഞ്ചായത്തിന് അനുകൂലമായ സാഹചര്യത്തിൽ ഭരണസമിതി പ്രദേശവാസികളുമായി ചർച്ച നടത്തുകയും സർവകക്ഷിയോഗം വിളിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊന്നുണ്ട മലയിലെ പഞ്ചായത്തിന്റെ സ്ഥലത്തിൽ സർവകക്ഷി സംഘം സന്ദർശിക്കുകയും 25 സെൻറ് സ്ഥലം വാതക ശ്മശാനം നിർമിക്കാൻ കണ്ടെത്തുകയും ചെയ്തു. ബാക്കിവരുന്ന 1.75 ഏക്കർ സ്ഥലം പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാറിന്റെ അനുമതിക്ക് ഭരണസമിതി യോഗം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ശ്മശാനത്തിന്റെ ഡി.പി.ആർ തയാറാക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ടെൻഡർ നടപടികളിലൂടെ ഭരണസമിതി അനുമതി നൽകുകയും ചെയ്തു. ഡി.പി.ആർ തയാറാകുന്ന മുറക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതാണ്.
പൊന്നുണ്ട മലയിലെ പഞ്ചായത്തിന്റെ സ്ഥലം വേലികെട്ടി തിരിക്കുന്നതിന് ഈ വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ഫണ്ട് വെക്കുകയും ടെണ്ടർ നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.