കോഴിക്കോട്: പഠനവേളയിൽതന്നെ ജോലികളിൽ പ്രായോഗിക പരിശീലനം നേടണമെന്ന ആശയം അന്വർഥമാക്കി വിദ്യാർഥികൾ നിർമിച്ച ഓട്ടോറിക്ഷകൾ ഇനിമുതൽ നഗരവീഥികളുടെ അഴകുണർത്താനെത്തും. വെസ്റ്റ്ഹിൽ പോളിടെക്നിക്കിലെ നാൽപതോളം കോളജ് വിദ്യാർഥികളാണ് ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയുടെ ഭാഗമായി നഗര ശുചീകരണത്തിന്റെ ഭാഗമായി ഖരമാലിന്യം നീക്കാനുള്ള 30 ഓട്ടോറിക്ഷകൾ നിർമിച്ചത്.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വ്യാഴാഴ്ച ഓട്ടോകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഏഴഴകിലേക്കെൻ കോഴിക്കോട് പദ്ധതിക്കുവേണ്ടിയായതിനാൽ അടച്ചുറപ്പോടെയാണ് ഓട്ടോകൾ നിർമിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയോൺ എന്ന കമ്പനിയുമായി സഹകരിച്ചാണ് നിർമാണം. കോർപറേഷൻ 75 ഓട്ടോകളാണ് ഓർഡർ ചെയ്തത്. ആദ്യഘട്ടത്തിൽ 30 എണ്ണം കൈമാറും. പെൺകുട്ടികളടക്കം തിരഞ്ഞെടുത്ത 40 വിദ്യാർഥികളാണ് ഓട്ടോറിക്ഷ നിർമിച്ചത്.
നിർമാണത്തിൽ പങ്കാളികളായ മിടുക്കരായവർക്ക് കമ്പനി ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയിൽ ഇത്രയും വാഹനങ്ങൾ ഒരുമിച്ച്Job- നിർമിക്കുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് പ്രിൻസിപ്പൽ പി.കെ. അബ്ദുൽസലാം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനത്തിൽ വ്യവസായിക പരിശീലനം ലഭിക്കുകവഴി വിദ്യാർഥികൾക്ക് ഏറെ തൊഴിൽസാധ്യത കൈവരുമെന്ന് പോളിടെക്നിക് വർക് ഷോപ് സൂപ്രണ്ട് ടി.പി. ബാബുരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.