കോഴിക്കോട്: കൊടുംചൂടിനിടെ അടിക്കടി വൈദ്യുതി നിലക്കുന്നത് പ്രദേശത്തെയാകെ ബുദ്ധിമുട്ടിലാക്കി. നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചക്കുംകടവ്, അയ്യങ്കാർ റോഡ്, പയ്യാനക്കൽ മേഖലകളിൽ രാത്രിയും പകലും വ്യത്യാസമില്ലാതെ നിരന്തരം കറന്റ് പോകുന്നുവെന്നാണ് പരാതി.
വേനൽചൂടിൽ വലയുന്ന പ്രദേശത്ത് നിരന്തരമായി വൈദ്യുതി മുടങ്ങുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നെന്ന് നാട്ടുകാർ പറയുന്നു. കിടപ്പുരോഗികൾക്കും കുട്ടികൾക്കുമടക്കം പ്രദേശത്തെ ജനങ്ങൾക്ക് രാത്രി കിടന്നുറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. മുന്നറിയിപ്പ് കൂടാതെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നു. എപ്പോൾ കറന്റ് പോവുമെന്നറിയാത്ത ആശങ്കയാണെങ്ങും.
പൊറുതിമുട്ടിയ നാട്ടുകാർ കല്ലായി വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ട്രാൻസ്ഫോർമർ ലോഡ് താങ്ങാത്തതാണ് പ്രശ്നമെന്നാണ് മറുപടി കിട്ടിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വീടുകളുടെയും കടകളുടെയും എണ്ണം വർധിച്ചിട്ടും ട്രാൻസ്ഫോർമർ സംവിധാനത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ല. ജനങ്ങൾക്കേറെ പ്രയാസം സൃഷ്ടിച്ച നിലവിലെ സാഹചര്യം അധികൃതർ മനഃപൂർവം വിളിച്ചുവരുത്തിയതാണെന്നാണ് ആരോപണം.
അടിയന്തരമായി പ്രദേശത്തെ വീടുകൾക്കും കടകൾക്കും ആനുപാതികമായി ട്രാൻസ്ഫോമർ സംവിധാനം മെച്ചപ്പെടുത്തണമെന്ന് വ്യാപക ആവശ്യമുയർന്നിട്ടുണ്ട്.
പ്രദേശത്തെ വൈദ്യുതി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് പയ്യാനക്കൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് അധികാരികൾ കല്ലായി കെ.എസ്.ഇ.ബി ഓഫിസ് സന്ദർശിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പുനൽകി. പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് പി.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ട്രഷറർ സി.എച്ച്. യൂനസ്, മേഖല ഭാരവാഹികളായ കെ. അബ്ദുൽ അസീസ്, പി.കെ. കോയ, എ.പി. മുജീബ്, കെ. അബ്ദുൽ ജലീൽ, പി.പി. അഷറഫ്, പി.പി. അബ്ദുമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.