മഴ കനക്കുമ്പോൾ വയലടക്ക് നെഞ്ചിടിപ്പ്

ബാലുശ്ശേരി: മഴ കനക്കുമ്പോൾ മലബാറിന്റെ ഗവിയായ വയലടയിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. വയലട മലയിലെ കരിങ്കൽ ക്വാറികളാണ് മഴക്കാലത്ത് നാട്ടുകാർക്ക് ഭീഷണിയായിത്തീർന്നിട്ടുള്ളത്. രണ്ടു കരിങ്കൽ ക്വാറികളാണ് വയലട മലയിൽ പ്രവർത്തിച്ചു വരുന്നത്. മലയുടെ താഴെ വയലട അങ്ങാടിയും എൽ.പി സ്കൂളും നിരവധി കുടുംബങ്ങൾ പാർക്കുന്ന വീടുകളുമുണ്ട്. ക്വാറികൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടെനിന്ന് ദിനംപ്രതി മുന്നൂറോളം ലോഡ് കരിങ്കല്ലുകളാണ് താഴെ പ്രദേശങ്ങളിലേക്ക് ടിപ്പർ ലോറികളിലായി പോകുന്നത്. ഏതു സമയവും മലയിടിച്ചിൽ ഭീഷണിയും ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്. വയലട പ്രദേശവാസികൾക്കു മാത്രമല്ല തോരാട്, കിഴക്കൻ കുറുമ്പൊയിൽ പ്രദേശത്തുകാരും ഏറെ ഭീഷണിയോടെയാണ് ഓരോ മഴക്കാലത്തും കഴിയുന്നത്. തൊട്ടടുത്തായുള്ള തോരാട് പ്രദേശത്ത് 46 ഓളം വീടുകളുണ്ട്.

വയലടയിൽ പ്രവർത്തിക്കുന്ന എ.എൽ.പി സ്കൂളിനും ക്വാറി പ്രവർത്തനം ഭീഷണിയാണ്. ഇവിടുത്തെ നിരന്തര സ്‌ഫോടന ശബ്ദങ്ങൾ വിദ്യാർഥികൾക്കും സ്കൂൾ കെട്ടിടത്തിനും ഒരുപോലെ ഭീഷണിയാണ്. ഒരു കാലത്ത് ഏറെ വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ 41 കുട്ടികൾ മാത്രമാണുള്ളത്. ക്വാറി ഭീഷണി കാരണം കുടുംബങ്ങൾ തന്നെ മറ്റിടങ്ങളിലേക്ക് മാറിപ്പോകുകയാണുണ്ടായത്. കുടിവെള്ളമടക്കം നീരുറവകളെല്ലാം മലിനമാക്കപ്പെട്ടു കഴിഞ്ഞു.ക്വാറി പ്രവർത്തനങ്ങൾക്കെതിരെ ജിയോളജി വകുപ്പിന് നാട്ടുകാർ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും അധികൃതർ സ്ഥലം സന്ദർശിക്കാൻ പോലും എത്തിയിട്ടില്ല. ഒരു ഭാഗത്ത് ടൂറിസം വകുപ്പ് കോടികൾ മുടക്കിയാണ് വയലട വിനോദ സഞ്ചാരകേന്ദ്രമാക്കി കൊണ്ടിരിക്കുന്നത്.

എന്നാൽ, ക്വാറി പ്രവർത്തനം മൂലം തദ്ദേശവാസികളും സഞ്ചാരികളും ഭീതിയോടെയാണിപ്പോൾ വയലടയെ കാണുന്നത്.

Tags:    
News Summary - Quarry in Wayalada Hill kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.