കോഴിക്കോട്: കോവിഡ് കാലത്തിന് ശേഷം സ്വകാര്യബസുകൾ നിരത്തിൽ സജീവമായതോടെ ജില്ലയിൽ പല റൂട്ടുകളിലും മത്സരയോട്ടം തിരിച്ചുവന്നു. കോവിഡിന് മുമ്പുള്ളതിൽ 80 ശതമാനം ബസുകളാണ് നിലവിൽ ജില്ലയിൽ ഓടുന്നത്.
ബസിലെ യാത്രക്കാർക്കും മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന അമിതവേഗത്തിനും മത്സരയോട്ടത്തിനുമെതിരെ പൊലീസും മോട്ടോർ വാഹനവകുപ്പും ഒരു നടപടിയുമെടുക്കുന്നില്ല. കോവിഡ്കാല ഇടവേളക്ക് ശേഷം പല ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. മുമ്പ് രണ്ട് ബസുകൾ തമ്മിൽ രണ്ടോ മൂന്നോ മിനിറ്റ് ഇടവേളയുള്ളപ്പോഴാണ് മത്സരയോട്ടമുണ്ടായിരുന്നത്.
സമയക്രമം പാലിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പാച്ചിലെന്നായിരുന്നു സ്വകാര്യ ബസുകാരുടെ ന്യായീകരണം. രണ്ട് മിനിറ്റ് ഇടവേളയുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ അഞ്ച് മിനിറ്റ് കഴിഞ്ഞാലും ബസില്ലാത്ത അവസ്ഥയാണ്. അതിനാൽ, കളക്ഷൻ ലക്ഷ്യമിട്ട് മത്സരയോട്ടം നടത്തേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാണ്. സമയക്രമം പാലിക്കുന്നുണ്ടോന്നറിയാൻ പൊലീസ് സ്റ്റേഷനിലും എയ്ഡ് പോസ്റ്റുകളിലും ബസ് ജീവനക്കാരെത്തി ഒപ്പിടുന്നതും 'ഓർമയായി'.
ദീർഘദൂര ബസുകളും ജില്ലയിൽ ഗ്രാമപ്രദേശങ്ങളിലേക്ക് ഓടുന്നവയും സിറ്റി ബസുകളുമെല്ലാം മരണപ്പാച്ചിൽ നടത്തുന്നുണ്ട്. കോഴിക്കോട്- ബാലുശ്ശേരി, കൊയിലാണ്ടി- താമരശ്ശേരി, കോഴിക്കോട് -ബേപ്പൂർ തുടങ്ങിയ റൂട്ടുകളിലാണ് അമിതവേഗം കൂടുതലുമുള്ളത്.
കഴിഞ്ഞ ദിവസം നഗരത്തിലെ അമിത വേഗത്തെക്കുറിച്ച് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണകക്ഷിയംഗം കെ.ടി. സുഷാജ് ശ്രദ്ധക്ഷണിച്ചിരുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നായിരുന്നു കൗൺസിലിെൻറ മൊത്തം അഭിപ്രായം. കാതടപ്പിക്കുന്ന ഹോണടിക്കെതിരെ കോഴിക്കോട് നഗരത്തിൽ വ്യാപകമായ പരിശോധന നടത്തിയിരുന്നെങ്കിലും നഗരത്തിന് പുറത്ത് ഹോണടി തുടരുകയാണ്.
ബസ് സർവിസ് തുടങ്ങുന്ന സ്ഥലം മുതൽ അവസാനിപ്പിക്കുന്ന സ്റ്റോപ് വരെ തുടർച്ചയായി ഹോണടിക്കുന്നതാണ് ചില ൈഡ്രെവർമാരുടെ ഹോബി. കൊച്ചുകുട്ടികളുടെ കേൾവിശക്തി വെര ഇല്ലാതാക്കുന്ന ഹോണുകളാണ് പലരും ഉപയോഗിക്കുന്നത്. വിദ്യാർഥികളോടുള്ള ശത്രുതയും അനാവശ്യമായി ചോദ്യം ചെയ്യുന്നതും വ്യാപകമായെന്ന പരാതിയുമുണ്ട്. വിദ്യാർഥികളോട് ഫുൾ ടിക്കറ്റ് വാങ്ങുന്ന ചില കണ്ടക്ടർമാരുണ്ട്. നഷ്ടക്കണക്കുകളാണ് ഇതിന് കാരണമായി ചില ബസ് ജീവനക്കാർ പറയുന്നത്.
ബസ്സ്റ്റാൻഡുകളിൽ വിദ്യാർഥിനികളെയടക്കം 'ഇൻറർവ്യൂ' ചെയ്യുന്നതും വീണ്ടും തുടങ്ങിയിട്ടുണ്ട്. വെള്ളിമാടുകുന്നിൽ ജെ.ഡി.ടിയിലെ എൻ.സി.സി വിദ്യാർഥിനി കഴിഞ്ഞ ദിവസം ബസിൽനിന്ന് വീണത് വിദ്യാർഥികളുമായി സംഘർഷത്തിനിടയാക്കിയിരുന്നു. ബസ് ചാർജ് വർധിപ്പിക്കുന്നതിന് മുമ്പുതന്നെ കൂടുതൽ ചാർജ് വാങ്ങുന്നവരുമുണ്ട്. നഗരത്തിൽ സിറ്റി സ്റ്റാൻഡിൽ നിന്ന് മൊഫ്യൂസൽ ബസ്സ്റ്റാൻഡിലേക്ക് എട്ട് രൂപയാണ് നിരക്കെങ്കിലും ഈടാക്കുന്നത് 10 രൂപയാണ്.
പെർമിറ്റ് പ്രകാരം എല്ലാ ദിവസവും ഓടണമെന്നാണ് നിയമം. എന്നാൽ, ഞായറാഴ്ചകളിൽ പല ബസുകളും അവധിയാകുന്നത് യാത്രക്കാരെ വലക്കുകയാണ്. രാത്രി അവസാന ട്രിപ് റദ്ദാക്കുന്നതും യാത്രക്കാർക്ക് ദുരിതമാവുകയാണ്. കലക്ടറും മോട്ടോർ വാഹന വകുപ്പ് അധികൃതരും ഇടപെടണെമന്ന ആവശ്യം ശക്തമാണ്.
നന്മണ്ട: സ്വകാര്യ ബസുകളുടെ അമിതവേഗതക്ക് കടിഞ്ഞാണില്ലാത്തത് കാരണം ഇരുചക്രവാഹനക്കാരും കാൽനടക്കാരും ഭീതിയിൽ. കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലാണ് രാപ്പകൽ ഭേദമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. ശനിയാഴ്ച രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികനായ നന്മണ്ട 12ലെ പറ്റാരം കോട്ടുമ്മൽ ടി.എം. സുരേഷ് തലനാരിഴക്കാണ് പള്ളി താഴത്ത് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നഗരത്തിൽനിന്ന് കൂരാച്ചുണ്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അമിത വേഗതയിൽ വന്നത്.
ബസിെൻറ ഡെക്കറേഷൻ ബൾബുകൾ കത്തുന്നത് സുരേഷിെൻറ കണ്ണിലേക്ക് പതിഞ്ഞതിനാൽ ഒന്നും കാണാനാവാതെ ബൈക്ക് ഇടത് ഭാഗത്തേക്ക് മറിയുകയായിരുന്നു. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് സുരേഷ്. വാഹനങ്ങൾക്ക് അലങ്കാര ബൾബുകൾ നിയമവിരുദ്ധമാണെങ്കിലും നിയമപാലകർ കണ്ടില്ലെന്ന് നടിക്കുകയാണ്. യാത്രക്കാരുടെ ജീവൻ പണയംവെച്ചുള്ള ബസുകളുടെ മത്സര ഓട്ടം തടയാത്ത ഉദ്യോഗസ്ഥർ തന്നെ മൗനം പാലിക്കുന്നതാണ് ബാലുശ്ശേരി റൂട്ടിൽ അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കാക്കൂർ സ്റ്റേഷനിൽ ബസ് ജീവനക്കാർ സമയം രേഖപ്പെടുത്തി ഒപ്പുവെക്കാറുണ്ടായിരുന്നു. എന്നാൽ, അഞ്ചു വർഷത്തോളമായി സമയം രേഖപ്പെടുത്തൽ നിർത്തിയിട്ട്. നഗരത്തിൽ ഓടി എത്താൻ സമയം കിട്ടില്ല എന്ന ജീവനക്കാരുടെ പരാതി മാനിച്ചായിരുന്നു ഒപ്പ് രേഖപ്പെടുത്തൽ ചടങ്ങ് മാറ്റിവെച്ചത്.
കോഴിക്കോട്: ബസുകളുടെ അമിതവേഗതക്ക് കാരണം ഒരേറൂട്ടിൽ ഒരേസമയം ബസുകൾക്ക് സർവിസ് അനുമതി കൊടുക്കുന്നതുകൊണ്ടാണെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എൻ. തുളസീദാസ് പറഞ്ഞു.
കലക്ഷൻ നേടാൻ ചിലർ സമയം മാറ്റിക്കിട്ടാൻ നൽകുന്ന അപേക്ഷകൾ ആർ.ടി.ഒ സ്വീകരിക്കരുത്. കോടതി വഴിയാണ് പലരും സമയം മാറ്റിവാങ്ങുന്നത്. ഏത് സമയം വേണമെങ്കിലും കോടതി വഴി നേടാമെന്ന അവസ്ഥ മാറണം. സർക്കാറും കോടതിയും ഈ വിഷയത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരാതി ലഭിക്കുേമ്പാൾ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന വിവേചനവും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.