കോഴിക്കോട്: പുതുവർഷപ്പുലരിയിലെ വാഹനാപകടത്തെത്തുടർന്ന് ഗാന്ധി റോഡ് മേൽപാലത്തിനു താഴെയുള്ള വഴി റെയിൽവേ അടച്ചുകെട്ടിയതോടെ വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്ര അപകടക്കെണിയാവുന്നു. സാധാരണ ഉപയോഗിച്ചുകൊണ്ടിരുന്ന വഴി റെയിൽവേ അടച്ചതോടെ റെയിൽ പാളത്തിന്റെ പല ഭാഗത്തുകൂടിയും നടന്ന് മറുഭാഗത്തെത്താനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. റെയിൽവേ സ്ഥാപിച്ച ഇരുമ്പുവേലി ചാടിക്കടന്നും കമ്പികൾക്കിടയിലൂടെ നൂണ്ടും അക്കരെ പറ്റാനുള്ള വിദ്യാർഥികളുടെ ശ്രമം കൂടുതൽ അപകടം വിളിച്ചുവരുത്തുകയാണ്. ചില കുട്ടികൾ ട്രാക്കിലിറങ്ങി വെള്ളയിൽ സ്റ്റേഷനിലെത്തിയ ശേഷമാണ് മറുകര പറ്റുന്നത്.
പ്രോവിഡൻസ് സ്കൂളിലേക്കുള്ള വിദ്യാർഥികളും അധ്യാപകരും ഗാന്ധി റോഡ് മേൽപാലത്തിനു താഴെയുള്ള വഴിയിലൂടെ റെയിൽവേ ട്രാക്ക് മുറിച്ചു കടന്നായിരുന്നു യാത്ര ചെയ്തിരുന്നത്. വഴി ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ അധികാരികൾക്ക് ഉടൻ നിവേദനം നൽകുമെന്നും സ്കൂൾ പ്രധാനാധ്യാപിക പറഞ്ഞു. ക്രിസ്ത്യൻ കോളജ്, സ്കൂൾ, സെന്റ് ജോസഫ് ചർച്ച്, സന്മാർഗദർശിനി ലൈബ്രറി, ജില്ല വ്യവസായ കേന്ദ്രം, വൈദ്യുതി ഭവൻ, വെള്ളയിൽ പോസ്റ്റ് ഓഫിസ്, ടെലിഫോൺ എക്സ്ചേഞ്ച്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്ന വിദ്യാർഥികളെയും നാട്ടുകാരെയും ഇത് പ്രതിസന്ധിയിലാക്കുന്നു. ഏറെ വാഹനത്തിരക്കുള്ള ഗാന്ധി റോഡ് മേൽപാലത്തിൽ ഒന്നരയടി മാത്രം വീതിയുള്ള മേൽപാലത്തിലൂടെ വിദ്യാർഥികൾ നടക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. വഴി തടസ്സപ്പെട്ടതോടെ പടിഞ്ഞാറു വശത്തെ വ്യാപാരികളുടെയും അവസ്ഥ പരിതാപകരമാണ്. വ്യാപാരം നാലിലൊന്നായി ചുരുങ്ങി.
ഓട്ടം കിട്ടാത്തതു കാരണം ഓട്ടോ ഡ്രൈവർമാർ ഈ ഭാഗത്തേക്കു വരുന്നേയില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിലൂടെ കാൽനടക്കാർക്കുള്ള വഴി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം. ഇതുവഴി വാഹനം കടക്കുന്നത് തടയണമെന്ന് തങ്ങൾ നേരത്തേ ഉന്നയിച്ച ആവശ്യം റെയിൽവേ അവഗണിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനശാലയിലും മൂകത
വഴി അടച്ചുകെട്ടിയതോടെ സൻമാർഗദർശിനി വായനശാലയിലേക്ക് എത്തുന്ന വായനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ലൈബ്രേറിയൻ ടി. റാണി പറഞ്ഞു. പടിഞ്ഞാറു ഭാഗത്തുള്ള പ്രായമായവരടക്കമുള്ള വായനക്കാർക്ക് ഏറെ ദൂരം ചുറ്റി സഞ്ചരിച്ച് ലൈബ്രറിയിൽ എത്തുക പ്രയാസമാണ്. പഠന ആവശ്യങ്ങൾക്കായി പുതിയാപ്പ, പുതിയങ്ങാടി ഭാഗത്തുനിന്നുള്ള വിദ്യാർഥികളുടെ വരവും മുടങ്ങി. വഴി അടച്ചതോടെ കാൽനടക്കാർ വെള്ളയിൽ റെയിൽവേ സ്റ്റേഷനിലെത്തി വേണം ട്രാക്ക് മുറിച്ച് കടക്കാൻ. സാമൂഹിക വിരുദ്ധർ തമ്പടിക്കുന്ന ഈ ഭാഗത്ത് സന്ധ്യമയങ്ങിയാൽ ഭീതിജനകമായ അന്തരീക്ഷമാണ്. ഇതുകാരണം രാത്രിജോലി കഴിഞ്ഞു മടങ്ങുന്ന താനടക്കമുള്ള വനിതകൾ ഏറെ പ്രയാസത്തിലാണെന്നും അവർ പറഞ്ഞു. ഈ നില തുടർന്നാൽ ജോലി ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് താനെന്നും റാണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.