കോഴിക്കോട്: നിലവിലെ വനങ്ങൾകൊണ്ട് കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്ന് പരിസ്ഥിതി റിപ്പോർട്ട്. സൗത്ത് ഏഷ്യൻ പീപ്ൾസ് ആക്ഷൻ ഓൺ ൈക്ലമറ്റ് ചേഞ്ച് ദേശീയ സെമിനാറിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകർ നടത്തിയ വിലയിരുത്തലിലാണ് കാലാവസ്ഥ പ്രതിസന്ധിക്ക് വനങ്ങൾ മാത്രം പരിഹാരമാകുന്നില്ലെന്ന സൂചനകൾ നൽകുന്നത്.
2021ലെ കേരള ഡെവലപ്മെന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ശ്രദ്ധേയരായ പരിസ്ഥിതി പ്രവർത്തകരുടെ റിപ്പോർട്ടുള്ളത്.
അക്കേഷ്യ, യൂക്കാലിപ്റ്റ്സ്, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ മണ്ണിന്റെ ജലാംശത്തെ ഇല്ലാതാക്കുന്നുവെന്നും കാലാവസ്ഥ പ്രതിസന്ധി ഏറെ ഗുരുതരമാക്കുന്നുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. 38,863 ചതുരശ്രകിലോമീറ്ററിൽ 11,524 സ്ക്വയർ കിലോമീറ്റർ വനം മനുഷ്യന്റെ ഇടപെടലില്ലാതെ സംരക്ഷിക്കുന്നുവെന്നാണ് സർക്കാർ ഭാഷ്യമെങ്കിലും 9,339.2 സ്ക്വയർ കിലോമീറ്റർ ആണ് കൃത്യമായുള്ള വനവിസ്തൃതിയായി ഇവർ പറയുന്നത്.
ആയിരം ചതുരശ്ര കിലോമീറ്ററിലധികം വനമാണ് കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കൃഷിക്കും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി അര നൂറ്റാണ്ടിനിടയിൽ നൽകിയിട്ടുള്ളത്.
കണ്ടൽവനങ്ങളുടെ നാശം ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. 38,863 സ്ക്വയർ കിലോമീറ്ററിൽ വെറും 17 സ്ക്വയർ കിലോമീറ്റർ മാത്രമാണ് നിലവിൽ കണ്ടൽവനങ്ങൾ. 700 സ്ക്വയർ കിലോമീറ്റർ ഉണ്ടായിരുന്ന കണ്ടൽവനങ്ങളുടെ ശോഷിപ്പ് ആശങ്കപ്പെടുത്തുന്നതാണ്. 1970കളിൽ 8,00,000 ഹെക്ടർ ഉണ്ടായിരുന്ന നെൽവയൽ വിസ്താരം 1,75,000 ഹെക്ടർ മാത്രമായി ചുരുങ്ങി. ഓരോ വേനൽക്കാലത്തും കാട് വരണ്ടുണങ്ങുന്നുവെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ പറയുന്നുണ്ട്.
മൃഗങ്ങളുടെ ഭക്ഷ്യലഭ്യത മുമ്പില്ലാത്തവിധം കുറയുകയാണ്. നൂറുകണക്കിന് ലോറികൾ ഉപയോഗിച്ചാണ് കാട്ടിലെ കുളങ്ങളിൽ മൃഗങ്ങൾക്കായി കുടിവെള്ളം നിറക്കുന്നത്. കാടിനോട് ചേർന്നുള്ള കാർഷിക പ്രവൃത്തി കാടിന്റെ ജലലഭ്യത ഗുരുതരമാം വിധം കുറക്കുന്നതായും വിലയിരുത്തുന്നു. കാടിനോട് ചേർന്നുള്ള ഖനനം, റെഡ് കാറ്റഗറി ഇൻഡസ്ട്രീസ്, 20,000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള നിർമിതികൾ എന്നിവ ഇക്കോ സെൻസിറ്റിവ് സോണിൽ തടയണമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.