കി​ഴ​ക്കോ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം

വില്ലേജ് വിഭജനത്തിന് കാതോർത്ത് കിഴക്കോത്ത് നിവാസികൾ

കൊടുവള്ളി: ജനസാന്ദ്രത കൂടിയതും വിശാലമായ ഭൂപ്രദേശമായതിനാലും പ്രദേശത്തെ ഒരേയൊരു വില്ലേജ് ഓഫിസിൽനിന്ന് സമയബന്ധിതമായ സേവനലഭ്യതയില്ലാതെ വലയുകയാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് നിവാസികൾ. താലൂക്കിൽ ഇത്രത്തോളം ജനസംഖ്യയോ സ്ഥലവിസ്തൃതിയോ ഇല്ലാത്ത മറ്റ് പഞ്ചായത്തുകളിൽപോലും രണ്ടും മൂന്നും വില്ലേജ് ഓഫിസുകളുള്ള സാഹചര്യത്തിലാണ് വില്ലേജ് വിഭജനം സാധ്യമാവാതെ കിഴക്കോത്ത് നിവാസികൾ ഏറെനാളായി പ്രയാസപ്പെടുന്നത്.

ഏറ്റവും കൂടുതൽപേർ ബന്ധപ്പെടുന്ന പൊതുകാര്യാലയങ്ങളിലൊന്നായ വില്ലേജ് ഓഫിസിൽനിന്ന് വരുമാന സർട്ടിഫിക്കറ്റ്, കൈവശ സർട്ടിഫിക്കറ്റ്, വിധവ സർട്ടിഫിക്കറ്റ്, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ഭൂനികുതി സർട്ടിഫിക്കറ്റ് തുടങ്ങിയ വിവിധ രേഖകൾ കിട്ടാൻ കാത്തിരിക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. ജീവനക്കാരാവട്ടെ ജോലിഭാരം കാരണം പാടുപെടുകയാണ്. കിഴക്കോത്ത് വില്ലേജ് വിഭജിച്ച് എളേറ്റിൽ ആസ്ഥാനമായി പുതിയ വില്ലേജ് ഓഫിസ് അനുവദിക്കണമെന്നതാണ് പ്രദേശവാസികൾ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലമിത്രയായിട്ടും അത് നിറവേറ്റപ്പെടാതെ കിടക്കുകയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നാട്ടുകാർ വില്ലേജ് വിഭജനം ആവശ്യപ്പെട്ട് നിവേദനസമർപ്പണം നടത്തിയെങ്കിലും പിന്നീട് തുടർനടപടികളൊന്നുമുണ്ടായില്ല. 4919 ഏക്കർ വിസ്തൃതിയുള്ള കിഴക്കോത്ത് വില്ലേജിൽ 31,261 ആണ് ജനസംഖ്യ. കച്ചേരിമുക്ക്, എളേറ്റിൽ, ആവിലോറ, കിഴക്കോത്ത്, പന്നൂർ, വലിയപറമ്പ്, കാരക്കാട് എന്നീ ദേശങ്ങൾ ഈ വില്ലേജിന് കീഴിലാണ്. സമീപ പഞ്ചായത്തുകളായ ഉണ്ണികുളം, താമരശ്ശേരി, പനങ്ങാട്, ഓമശ്ശേരി എന്നിവിടങ്ങളിലും കൊടുവള്ളി നഗരസഭയിലുമെല്ലാം ഒന്നിലേറെ വില്ലേജ് ഓഫിസുകളുള്ള സ്ഥാനത്താണ് കിഴക്കോത്ത് പഞ്ചായത്തിലെ വില്ലേജ് ഓഫിസിന്റെ എണ്ണം ഒന്നിലൊതുങ്ങിയത്.

കൊടുവള്ളി നഗരസഭയോട് ചേർന്നുനിൽക്കുന്ന കിഴക്കോത്ത് പഞ്ചായത്തിന്റെ അതിർത്തി ചെന്നവസാനിക്കുന്നത് എളേറ്റിൽ വട്ടോളിയും കഴിഞ്ഞാണ്. ഇത്രയും വലിയ പ്രദേശത്തിന്റെ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ ഒരറ്റത്ത് കൊടുവള്ളി നഗരസഭയോട് ചേർന്ന കച്ചേരി മുക്കിലാണ്. എളേറ്റിൽ, വലിയപറമ്പ് ഭാഗത്തുള്ളവർക്ക് ഓഫിസിലെത്തിച്ചേരാൻ ഏറെദൂരം യാത്രചെയ്യണം. സമയനഷ്ടവും സാമ്പത്തികനഷ്ടവും സഹിക്കുകയും വേണം.

ഓൺലൈൻ വഴി ഒരുപാട് സേവനങ്ങൾ നടക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫിസിൽ നേരിട്ടെത്തി നിർവഹിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. പ്രായം ചെന്നവർക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വില്ലേജ് ഓഫിസിൽ തിരക്ക് കൂടുന്നത് ഓഫിസിലെത്തുന്നവർക്കും ജീവനക്കാർക്കും പ്രയാസങ്ങളുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വില്ലേജ് വിഭജനമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്.

Tags:    
News Summary - Residents of kizhakoth waiting for village division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.