നന്മണ്ട: ഋഷികദാസ് വീടണഞ്ഞുവെങ്കിലും യുദ്ധം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല. യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായ നന്മണ്ട കരിപ്പാലമുക്ക് നെടുംതറോൽ ഹരിദാസൻ-ഷീബ ദമ്പതികളുടെ മകൾ ഋഷികദാസ് സപ്റോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ രണ്ടാംവർഷ മെഡിസിൻ വിദ്യാർഥിയാണ്.
ഞായറാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. ആണവനിലയം സ്ഥിതിചെയ്യുന്നത് സപ്റോഷ്യയിലായതിനാൽ ഷെൽ ആക്രമണം ഉണ്ടായതോടെ യൂനിവേഴ്സിറ്റിതന്നെ ഇടപെട്ട് പ്രത്യേക ട്രെയിൻ ഏർപ്പാടാക്കുകയായിരുന്നുവെന്ന് ഋഷികദാസ് പറഞ്ഞു.
ചോപ്പ അതിർത്തി വഴി ഹംഗറിയിൽ എത്തിച്ചു. ബങ്കറിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവുണ്ടെങ്കിലും എങ്ങനെയെങ്കിലും വീടണയുക എന്ന ലക്ഷ്യം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ബുദ്ധ മെഡിറ്റേഷൻ സെൻററിൽ രണ്ടുദിവസം തങ്ങി. റെഡ് ക്രോസ് വളരെയധികം സഹായങ്ങൾ നൽകി. ഇന്ത്യൻ എംബസിയും സഹായിച്ചു.
മുംബൈയിൽനിന്ന് കൊച്ചിയിലെത്തുകയും അവിടെ നിന്ന് കെ.എസ്ആർ.ടി.സി ബസിലുമാണ് കോഴിക്കോട്ടെത്തിയത്. ഏഴ് ദിവസത്തെ യാത്ര വേണ്ടിവന്നതായി ഋഷിക പറഞ്ഞു.
കുടുംബം ടി.വിയിലെ വാർത്താചാനലിലൂടെയാണ് യുദ്ധവാർത്തകൾ കണ്ടിരുന്നത്. പേരമകൾ സുഖമായിരിക്കുന്നുവോ എന്നറിയാൻ ഋഷികയുടെ അച്ഛമ്മ രാധ മറ്റു കുടുംബാംഗങ്ങളോടും തിരക്കിയിരുന്നു.
തിരിച്ചെത്തിയതോടെ ഋഷികയുടെ മാതാപിതാക്കളും ഏറെ സന്തോഷത്തിലാണ്. ഭാവി എന്തായിരിക്കുമെന്ന ഉത്ക്കണ്ഠ അലട്ടുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.