കോഴിക്കോട്: നഗരത്തിൽ കമ്മത്തിലെയ്നിലെ കെ.പി.കെ ജ്വല്ലറിയിൽനിന്ന് 11.22 ലക്ഷം രൂപയും 5.70 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും മോഷ്ടിച്ച നാലംഗ സംഘത്തെ ടൗൺ അസിസ്റ്റന്റ് കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടി. മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സർഫാസ്, പറമ്പിൽ ബസാർ സ്വദേശികളായ സുബീഷ്, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രണവും സുബീഷും പോസ്റ്റൽ സർവിസ് ജീവനക്കാരാണ്. പണവും സ്വർണവും അഖിലിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച വൈകീട്ടോടെ പിടികൂടിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. കമ്മത്തിലെയ്നിൽ അധികമാരും പരിചയമില്ലാത്ത അഖിലാണ് പണവും സ്വർണവും കവർന്നത്. ടൗൺ എസ്.ഐ ജയശ്രീയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണക്കടയിലെ ജീവനക്കാർ പള്ളിയിൽ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒരു മണിക്കും ഇടയിലാണ് ഷട്ടർ തുറന്ന് കടയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും കവർന്നത്. കടയുടമയുടെ വിശ്വസ്തനായി നടിച്ച് സർഫാസാണ് കവർച്ച ആസൂത്രണം ചെയ്തത്. രണ്ടുമാസം മുമ്പ് കടയുടെ താക്കോൽ നഷ്ടപ്പെട്ടെന്ന് കടയുടമയെ വിശ്വസിപ്പിച്ചതാണ് കവർച്ചയുടെ ആദ്യഘട്ടം. തുടർന്ന് സ്പെയർ കീയാണ് ഉപയോഗിച്ചിരുന്നത്. കടയുടമ സ്വർണം വെക്കുന്നതും പണം വെക്കുന്നതും കാമറയുടെ ഡി.വി.ആറിന്റെ സ്ഥാനവും മനസ്സിലാക്കി. വെള്ളിയാഴ്ച കമ്മത്തിലെയ്നിലെ ഭൂരിഭാഗം ആളുകളും വെളുത്ത വസ്ത്രം ധരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്ന് മനസ്സിലാക്കിയ സർഫാസ് കൂട്ടാളികൾക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് കൂടുതൽ പണവും സ്വർണവും എത്തുന്നതുവരെ കാത്തിരിക്കാൻ സർഫാസ് നിർദേശം നൽകി. ഇവർ ആ സമയത്ത് ഫോൺ ഉപയോഗിച്ചിരുന്നില്ല.
അടുത്തുള്ള സ്വർണക്കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം കേസിലെ വഴിത്തിരിവാകുകയിയിരുന്നു. അതേ കടയിൽ വന്ന് ഗാരന്റി ആഭരണം വിൽക്കാനുണ്ടെന്നു പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോസ്റ്റ് ഓഫിസ് ജീവനക്കാരനായ സുബീഷാണെന്ന് തിരിച്ചറിഞ്ഞു. മോഷണം നടന്ന ദിവസം രാവിലെ മുതൽ പ്രണവിന്റെ കാർ കടയുടെ മുന്നിൽ പാർക്ക് ചെയ്ത് സി.സി.ടി.വി കാമറകളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമവും പ്രതികൾ നടത്തിയിരുന്നു. ഒരു മാസമായി പിടിക്കപ്പെടാതെ എങ്ങനെ കവർച്ച ചെയ്യാമെന്ന് ആസൂത്രണം നടത്തിവരുകയായിരുന്നു. ടൗൺ എസ്.ഐമാരായ വി. അബ്ദുൽ സലാം, മുഹമ്മദ് സിയാദ്, എ.എസ്.ഐ മുഹമ്മദ് ഷബീർ, സീനിയർ സി.പി.ഒമാരായ ഉദയകുമാർ, ബിനിൽ കുമാർ, സജേഷ് കുമാർ, ജിതേന്ദ്രൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, ഇ. മനോജ്, എ. പ്രശാന്ത് കുമാർ, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.