കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സരോവരത്ത് നിർമിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് കോർപറേഷൻ നേരിട്ട് നടപ്പാക്കാൻ തീരുമാനം. നേരത്തേ തീരുമാനിച്ചതുപ്രകാരം നിർമാണം ജല അതോറിറ്റിയെ ഏൽപിക്കേണ്ടതില്ലെന്നും പ്ലാന്റ് രൂപകൽപന ചെയ്ത് നിർമിച്ച് പ്രവൃത്തിപ്പിച്ച് കാണിച്ച ശേഷം കൈമാറുന്ന (ഡിസൈൻ ബിൽഡ്, ഓപറേറ്റ് ആൻഡ് ട്രാൻസ്ഫർ- ഡി.ബി.ഒ.ടി) രീതിയിൽ നടപ്പാക്കണമെന്നും കോർപറേഷൻ തല അമൃത് കോർ കമ്മിറ്റി തീരുമാനിച്ചു.
ഇതിനുള്ള അനുമതി തേടി കോർപറേഷൻ, അമൃത് പദ്ധതിയുടെ സംസ്ഥാനതല വിദഗ്ധ സമിതിക്ക് അപേക്ഷ നൽകി. സർക്കാറിന്റെ ഭരണാനുമതി കിട്ടിയാൽ 302 കോടി രൂപ ചെലവിൽ അമൃത് രണ്ട് പദ്ധതിയിൽ പ്ലാന്റ് പണിയാനാണ് തീരുമാനം. 302 കോടിയുടെ 33.33 ശതമാനം തുക കോർപറേഷൻ കണ്ടെത്തണം.
സരോവരത്തെ വാട്ടർ അതോറിറ്റി ഓഫിസുകൾക്കടുത്ത് 2.6 ഏക്കർ സ്ഥലത്ത് പ്ലാന്റ് നിർമിക്കാനാണ് തീരുമാനം. നേരത്തെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) സഹായത്തോടെയുള്ള സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം പ്ലാന്റ് നിർമിക്കാനാണ് വാട്ടർ അതോറിറ്റി ഈ സ്ഥലം കൈമാറിയിരുന്നത്. അന്ന് കേസും മറ്റുമായി നടപ്പാകാതെപോയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി ജല അതോറിറ്റി പുതിയ വിശദ പദ്ധതി രേഖ തയാറാക്കുകയായിരുന്നു.
അന്ന് 13.5 എം.എൽ.ഡി പ്ലാന്റാണ് നിർമിക്കാൻ പദ്ധതിയിട്ടത്. പുതിയ പദ്ധതി പ്രകാരം പലയിടത്തും ആറുമീറ്റർ വരെ താഴ്ചയിൽ പൈപ്പിടേണ്ടിവരും. നേരത്തേ നിശ്ചയിച്ച നാല് വാർഡുകളിൽ പൂർണമായി പദ്ധതി ഉപയോഗപ്പെടുത്തും വിധമല്ല വാട്ടർ അതോറിറ്റിയുടെ രൂപകൽപനയെന്ന് അമൃത് കോർ കമ്മിറ്റി കണ്ടെത്തി. 106 കോടി രൂപയുടേതായിരുന്നു അന്നത്തെ പദ്ധതി.
ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കോതി, ആവിക്കൽ പ്ലാന്റുകളുടേതുപോലെ ചെറിയ സ്ഥലത്ത് പമ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാവും വിധം പദ്ധതി തയാറാക്കണമെന്ന് കോർ കമ്മിറ്റി നിർദേശിച്ചു.
ഇതുവഴി നാല് വാർഡുകളിലും പൂർണമായി പദ്ധതിയുടെ ഉപയോഗം കിട്ടാനാവണം. ജല അതോറിറ്റിക്ക് ഇത്തരം പദ്ധതികളിൽ പരിചയക്കുറവുള്ളതിനാൽ ടെൻഡർ ചെയ്യുന്ന സമയത്ത് താൽപര്യ പത്രവും മറ്റും വിളിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അവർ അറിയിച്ചിരുന്നു.
എന്നാൽ, ഭരണാനുമതിയും സാങ്കേതികാനുമതിയുമെല്ലാം കിട്ടിക്കഴിഞ്ഞ് വീണ്ടും താൽപര്യപത്രം വിളിക്കാൻ പോയാൽ പദ്ധതി വീണ്ടും നീണ്ടുപോവുകയും അധിക പണച്ചെലവുണ്ടാവുകയും ചെയ്യുമെന്ന് വിലയിരുത്തിയാണ് കോർപറേഷൻതന്നെ നേരിട്ട് നടപ്പാക്കാൻ കോർ കമ്മിറ്റി നിർദേശിച്ചത്.
പ്ലാന്റുകൾ അഞ്ച് കൊല്ലം പ്രവർത്തിപ്പിച്ച് അറ്റകുറ്റപ്പണി നടത്തി നൽകാനുള്ള കരാർ നൽകാൻ സർക്കാർ അനുമതിയുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ബാധ്യത വരുമെങ്കിലും അത്യാവശ്യമായതിനാൽ കോർപറേഷൻ നേരിട്ട് താൽപര്യ പത്രം വിളിച്ച് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ ജല അതോറിറ്റിക്കും അനുകൂല സമീപനമാണ്.
അമൃത് പദ്ധതി പ്രകാരം സരോവരത്തെ ട്രീറ്റ്മെന്റ് പ്ലാന്റടക്കം രണ്ട് പദ്ധതികൾക്ക് നേരത്തേ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. സരോവരത്ത് 27 എം.ഡി ശേഷിയുള്ള പ്ലാന്റ് നഗരത്തിലെ 22 വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാവുമെന്നാണ് പ്രതീക്ഷ. ഏകദേശം 170 കിലോമീറ്റർ മാലിന്യം കൊണ്ടുപോകാനുള്ള പൈപ്പിട്ട് 34,195ഓളം വീടുകൾക്ക് സൗകര്യം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.