കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന രണ്ടാംഘട്ട സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സമരപ്പന്തലിൽ എത്തുമെന്ന് സമരസമിതി അറിയിച്ചു. അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരം.
രണ്ടാംഘട്ട സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ജനകീയ മുന്നേറ്റത്തിലൂടെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഹർഷിനയുടെ സ്വദേശമായ മണക്കടവിൽ ജനകീയ കൺവെൻഷൻ വിളിച്ചുചേർക്കും. സാഹിത്യ-സാംസ്കാരിക മേഖലയിൽനിന്നുള്ള പ്രമുഖരെയും സമരപ്പന്തലിൽ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ആശുപത്രിയുടെ പ്രധാന കവാടത്തിനുമുന്നിലാണ് സമരസഹായസമിതിയുടെ നേതൃത്വത്തിൽ ഹർഷിനയും കുടുംബവും സത്യഗ്രഹമിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷത്തിനു പകരം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുക, ഏതു സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആരോഗ്യമന്ത്രി തിടുക്കപ്പെട്ട് ഒന്നാംഘട്ട സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയിലെ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതോടെയാണ് ഹർഷിന രണ്ടാംഘട്ട സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.