കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കുറ്റാരോപിതർ മുൻകൂർ ജാമ്യത്തിന് നീക്കം തുടങ്ങി. ഇതിനായി ഡോക്ടർമാരും നഴ്സുമാരും അഭിഭാഷകനെക്കണ്ട് നിയമോപദേശം തേടി.
പൊലീസ് നീക്കം പരിശോധിച്ച് ആവശ്യമെങ്കിൽ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചാൽ മതിയെന്നാണ് ഇവർക്ക് ലഭിച്ച നിയമോപദേശം. വിഷയത്തിൽ ഡി.എം.ഒയുടെ റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമാവുമെന്നാണ് കുറ്റാരോപിതരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രതീക്ഷ.
നിലവിൽ പ്രതിപ്പട്ടികയിലുള്ള മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി എന്നിവരെ മാറ്റി പകരം 2017ൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സീനിയർ സർജൻ, പി.ജി ഡോക്ടർ, രണ്ട് നഴ്സുമാരെയുമാണ് പ്രതിപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുക.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.