കോഴിക്കോട്: ഒരേ വേദിയിൽ, ഒരേ നിൽപ്പിൽ, ഒരേ സ്വരത്തിൽ, ഒരേ താളത്തിൽ 1800ലേറെ വിദ്യാർഥികൾ എട്ട് ഭാഷകളില്‍ ഏഴ് ദേശഭക്തിഗാനമാലപിച്ച് ഐക്യത്തിന്റെ പുതിയ ചരിത്രമെഴുതി ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾ പങ്കെടുത്ത മെഗാ ദേശഭക്തി ഗാനം ‘ഇന്ത്യ രാഗ് 2023’ അരങ്ങിലെത്തിയത്. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാർഥിനികളാണ് സംഘഗാനം ആലപിച്ചത്. 15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ കന്നട, സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്കിണി, ബംഗാളി, മലയാളം ഭാഷകളിലുള്ള ഗാനങ്ങൾ ഉണ്ടായിരുന്നു.
സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്ണ (ബേസ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ് പശ്ചാത്തല സംഗീതം ലൈവായി നൽകിയത്. സ്കൂളിലെ സംഗീതാധ്യാപകരായ ഡി.കെ. മിനിയും രാകേഷുമാണ് കുട്ടികളെ പരിശീലിപ്പിച്ചത്. സ്കൂളിൽ കന്നട, മറാത്തി, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന കുട്ടികളുണ്ട്. പല പരിപാടികളിലും പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ ദുഃഖം മനസ്സിലാക്കി അവരെയെല്ലാം കോർത്തിണക്കാനുള്ള ശ്രമത്തിലായിരുന്നു മിനി. ഒരു മാസം കൊണ്ടാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകിയത്. ഗാനം ചിട്ടപ്പെടുത്തി ക്ലാസ് വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും കുട്ടികൾക്ക് പരിശീലനം നൽകി. ‘ഇന്ത്യ രാഗ് 2023’ മെഗാ ദേശഭക്തി ഗാനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.