കോഴിക്കോട്: മെഡി. കോളജിലെ മലിനജല ശുദ്ധീകരണ പദ്ധതിയിൽനിന്നുള്ള വെള്ളം കനോലി കനാലിലേക്ക് എത്തിക്കുന്ന പൈപ്പ് ചോർന്നപ്പോൾ ആര് നന്നാക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം. മലിനജലം ചേവായൂർ ബസ് സ്റ്റോപ്പിന് സമീപം പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതു നന്നാക്കാനുള്ള ഉത്തരവാദിത്തമില്ലെന്ന് മെഡി. കോളജ് പൊതുമരാമത്ത് വിഭാഗവും പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ഉത്തരവാദിത്തമേ തങ്ങൾക്കുള്ളൂവെന്ന് ജല അതോറിറ്റിയും പറയുന്നു. ഇതോടെ ഗൗരവമുള്ള വിഷയത്തിൽ പരിഹാരം കാണാനാവാത്ത അവസ്ഥയാണ്. വാർഷിക പരിപാലന കരാർ തങ്ങൾക്കില്ലെന്നാണ് ജല അതോറിറ്റിയുടെ ന്യായം. പൈപ്പ് പൊട്ടിയത് മെഡി. കോളജിന്റെ ഭൂമിയിൽ അല്ലാത്തതിനാൽ നന്നാക്കാനാവില്ലെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ വാദം.
വലിയ പൊതുജന പ്രതിഷേധം ഉയരാൻ സാഹചര്യമുള്ള വിഷയമായതിനാൽ എത്രയും വേഗം നിലവിലെ ചോർച്ച പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ ഇ.വി. ഗോപി കോർപറേഷൻ മേയർക്ക് കത്ത് നൽകി. ഏഴുവർഷം മുമ്പാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ പ്രവർത്തനത്തിന് മാത്രമാണ് മെഡിക്കൽ കോളജിൽ പരിപാലന കരാർ നിലവിലുള്ളത്. മലിനജലം റോഡിൽ ഒഴുകി ദുർഗന്ധം വമിക്കുന്നതായി പരാതിയുണ്ട്. വാൽവ് ചേംബറിലെ ചോർച്ചയാണ് കാരണം. ശുദ്ധീകരിച്ച വെള്ളമാണ് പൈപ്പ് വഴി കനോലി കനാലിലേക്ക് വിടുന്നത് എന്നാണ് മെഡി. കോളജ് അധികൃതരുടെ വിശദീകരണം. കോർപറേഷന്റെ മലിനജല സംസ്കരണ പ്ലാന്റുകൾക്കെതിരെ ജനങ്ങളുടെ ആശങ്കയും പ്രക്ഷോഭവും നിലനിൽക്കുന്ന നഗരത്തിലാണ് പദ്ധതിക്ക് ഉത്തരവാദികളില്ലാത്ത അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.