കോഴിക്കോട്: കോതിയിൽ പള്ളിക്കണ്ടി അഴീക്കൽ റോഡിലെയും ആവിക്കൽ തോട്ടിലെയും മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ കോർപറേഷൻ ഓഫിസ് ഉപരോധിച്ചു. ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽനിന്നു ബീച്ച് ഓപൺ സ്റ്റേജിന് മുൻവശത്തുനിന്നും സ്ത്രീകളുൾപ്പെടെ രണ്ട് പ്രകടനങ്ങളായി ഓഫിസ് പരിസരത്തേക്ക് എത്തുകയായിരുന്നു.
രാവിലെ 8.30 മുതൽ ആരംഭിച്ച ഉപരോധം 11 വരെ തുടർന്നു. കസബ, ചെമ്മങ്ങാട്, ടൗൺ, വെള്ളയിൽ, നടക്കാവ് തുടങ്ങി വിവിധ സ്റ്റേഷനുകളിൽനിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജല പീരങ്കിയടക്കം ഒരുക്കി വൻ പൊലീസ് സന്നാഹം ഓഫിസ് പരിസരത്ത് എത്തിയിരുന്നു. ഉപരോധത്തിനിടെ ഓഫിസിലേക്ക് കയറാനെത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവരെ പ്രതിഷേധക്കാർ തടഞ്ഞതോടെ പല സമയങ്ങളിലായി സംഘർഷാവസ്ഥയുണ്ടായി.
സമരക്കാർ നിലയുറപ്പിച്ചതോടെ പൊലീസ് കോർപറേഷൻ ഓഫിസിന് മുന്നിലെ റോഡ് തടഞ്ഞതിനാൽ രണ്ടര മണിക്കൂറോളം ബീച്ച് റോഡിൽ ഒരു ഭാഗം ഗതാഗതം സ്തംഭിച്ചു. ഡി.സി.പി എ. ശ്രീനിവാസൻ, എ.സി.പി പി. ബിജുരാജ്, കസബ സി.ഐ എൻ. പ്രജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.