കോഴിക്കോട്: മെഡി. കോളജ് ആശുപത്രി ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. കുറ്റകൃത്യം നടന്ന വാർഡിൽ പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തു. ഉച്ചക്ക് രണ്ടുമണിയോടെയാണ് പ്രതിയെ ഐ.സി.യുവിൽ കൊണ്ടുവന്ന് നഴ്സുമാരോട് തെളിവെടുത്തത്.
പ്രതിയെ കൊണ്ടുവന്നപ്പോൾ ആൾക്കൂട്ടമുണ്ടായതിനാൽ പൊലീസ് പെെട്ടന്ന് നടപടികൾ പൂർത്തിയാക്കി. രണ്ടുദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ബുധനാഴ്ച തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. മാർച്ച് 18നാണ് കുറ്റകൃത്യം നടന്നത്.
തിങ്കളാഴ്ച പ്രതി അറസ്റ്റിലായി. പീഡനം നടന്നതായി മജിസ്ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു. അറസ്റ്റും അന്വേഷണവും നടക്കുന്നതിന് പിന്നാലെ പ്രതിയെ രക്ഷിക്കാൻ പരാതിക്കാരിയായ യുവതിയുടെ മൊഴി തിരുത്തിക്കാൻ സമ്മർദം ചെലുത്തിയ കേസിൽ അഞ്ചു പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഭരണാനുകൂല സംഘടനയിൽ പെട്ടവരാണ് കേസിലുൾപ്പെട്ട അഞ്ചു ജീവനക്കാരികൾ. ഇവർ ഒളിവിലാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികൾ. അതിനിടെ അതിജീവിതക്കനുകൂലമായി നിലപാടെടുക്കുകയും പരാതി മേലധികാരികൾക്ക് മുന്നിലെത്തിക്കുകയും ചെയ്ത നഴ്സിങ് ഓഫിസറെ ഒരു വിഭാഗം ജീവനക്കാർ ഭീഷണിപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്.
എൻ.ജി.ഒ യൂനിയനെതിരെയാണ് ആരോപണം. നഴ്സിങ് ഓഫിസറുടെ പരാതിയിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നഴ്സസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പലിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.