നാദാപുരം: പഞ്ചായത്ത് വനിത മെംബർക്കെതിരെ സഹമെംബർ ലൈംഗികാതിക്രമം നടത്തിയതിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി. വാക്സിൻ വിതരണത്തിലെ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞാഴ്ച യു.ഡി. എഫ് മെംബർമാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം.
സമരത്തിനിടയിൽ മെംബർ ലൈംഗികാതിക്രമം കാട്ടിയെന്നാണ് ആരോപണം. പരാതിക്കാരി അന്നുതന്നെ ലീഗ് നേതൃത്വത്തിനും മറ്റും പരാതി നൽകി. എന്നാൽ, സംഭവം ഒതുക്കിത്തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ആരോപണം ഉയർന്ന മെംബർക്കെതിരെ സ്വന്തം വാർഡിലും പഞ്ചായത്ത് ഓഫിസിനു മുന്നിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വീണ്ടും വിവാദമായിരിക്കുകയാണ്.
നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ ഉയർന്ന സഹപ്രവർത്തകയുടെ പീഡന പരാതി ലീഗ് നേതൃത്വവും ഭരണസമിതിയും ചേർന്ന് ഒത്തുതീർപ്പാക്കിയതിലും ആരോപണ വിധേയൻ രാജി വെക്കണമെന്നാവശ്യപ്പെട്ടും ഇടതു അംഗങ്ങൾ ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. ദിലീപ് കുമാർ, എ.കെ. ബിജിത്ത്, സി.വി. നിഷ എന്നിവർ സംസാരിച്ചു.
ആരോപണ വിധേയനായ മെംബർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി യോഗത്തിലേക്ക് ഡി.വൈ.എഫ് .ഐ പ്രവർത്തകരും മാർച്ച് നടത്തി. കല്ലാച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് യോഗത്തിലേക്ക് മാർച്ച് നടത്തിയത്. പി.പി. ഷഹറാസ്, അശ്വന്ത്, പ്രജിൽ, ആദർശ് എന്നിവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി എ.കെ. ബിജിത്ത് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.