കോഴിക്കോട്: ഷിബിലി ആസൂത്രണംചെയ്ത ഹണി ട്രാപ്പിൽ ഫർഹാനയും ആഷിഖും ചേർന്നതിനു പിന്നാലെ, ഫർഹാന വരുമെന്ന് പറഞ്ഞ് സിദ്ദീഖിനെക്കൊണ്ട് ഹോട്ടലിൽ മുറിയെടുപ്പിച്ചത് ഷിബിലി. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് മുറിയെടുക്കാനാണ് ഷിബിലി നിർദേശിച്ചത്.
ഇതുപ്രകാരമാണ് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിൽ സിദ്ദീഖ് രണ്ട് മുറിയെടുത്തതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. ട്രെയിനിൽ കോഴിക്കോട്ടിറങ്ങി മാനാഞ്ചിറയിലെത്തിയ ഫർഹാനയെ കാറിൽ ഹോട്ടലിലെത്തിച്ചത് കോഴിക്കോട്ടുണ്ടായിരുന്ന സിദ്ദീഖും ഷിബിലിയും ചേർന്നായിരുന്നു. പിന്നീട് ഫർഹാന ലൊക്കേഷൻ അയച്ചുകൊടുത്ത പ്രകാരമാണ് ഷിബിലിയുടെ സുഹൃത്തായ ആഷിഖ് ഹോട്ടലിലെത്തിയത്.
ഫർഹാനയുമൊത്തുള്ള സിദ്ദീഖിനെ ഷിബിലി മൊബൈൽ കാമറയിൽ പകർത്തിയതോടെ സിദ്ദീഖിന് കെണി മനസ്സിലായി പ്രതിരോധിച്ചു. ഇതോടെ, ഷിബിലി കൈയിൽ കരുതിയ കത്തികൊണ്ട് സിദ്ദീഖിന്റെ കഴുത്തിൽ ചെറിയ മുറിവേൽപ്പിച്ച് ഭീഷണിപ്പെടുത്തി. വഴങ്ങാത്തതോടെ ഫർഹാന ബാഗിൽ കരുതിയ ചുറ്റികകൊണ്ട് ഷിബിലി സിദ്ദീഖിന്റെ തലക്കടിച്ചു.
ചെറിയതോതിൽ രക്തമൊലിച്ചെങ്കിലും ബോധം നഷ്ടമാകാത്ത സിദ്ദീഖ് നിലവിളിച്ചു. ഇതോടെ ഷിബിലിയും ആഷിഖും ചേർന്ന് സിദ്ദീഖിനെ തള്ളി വീഴ്ത്തി തലയണ മുഖത്ത് അമർത്തിപിടിച്ചു. കുതറിമാറാൻ ശ്രമിച്ചതോടെ നെഞ്ചിൽ ചെരിപ്പിട്ട് തുടരെ ചവിട്ടി -പ്രതികൾ തെളിവെടുപ്പിനിടെ പൊലീസിനോട് വ്യക്തമാക്കി.
മരണം ഉറപ്പായതോടെ ആഷിഖ് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങി. കൊല നടന്ന റൂമിൽനിന്ന് ഷിബിലിയും ഫർഹാനയും തൊട്ടടുത്ത മുറിയിലേക്കും മാറി. പിന്നീട് മൃതദേഹം ട്രോളി ബാഗിലാക്കി പുറത്തേക്ക് കടത്താൻ ഇരുവരും തീരുമാനിച്ച് ആഷിഖിനെ അറിയിച്ചു.
ഷിബിലി മിഠായിത്തെരുവിലെ മലബാർ ഫൂട്ട്കെയർ ഷോപ്പിൽ പോയി വാങ്ങിയ ട്രോളി ബാഗിൽ മൃതദേഹം കൊള്ളാതായതോടെയാണ് ഇലക്ട്രിക് കട്ടർവാങ്ങി മുറിക്കാൻ തീരുമാനിച്ചത്. സമയം ഏറെ വൈകിയതിനാൽ രണ്ടുപേരും കൊല നടന്ന മുറി പൂട്ടി അടുത്ത മുറിയിൽ കിടന്നുറങ്ങി.
അടുത്ത ദിവസം ഷിബിലി പുഷ്പ ജങ്ഷനിലെ ടൂൾടെക് ഷോറൂമിൽ പോയി ഇലക്ട്രിക് കട്ടർ വാങ്ങി. ഹോട്ടലിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് ഗ്ലൗസ്, പഞ്ഞി, ഡെറ്റോൾ എന്നിവയും വാങ്ങി.
മുറിയിലെ ബാത്ത്റൂമിലേക്ക് വലിച്ചിട്ടാണ് മൃതദേഹം കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കിയതും ട്രോളി ബാഗിലാക്കിയതും. പിന്നീട് ബാത്ത്റൂമിലെ രക്തക്കറ ഉൾപ്പെടെ കഴുകി വൃത്തിയാക്കുകയും മണം പോകാൻ ഡെറ്റോൾ ഒഴിക്കുകയും ചെയ്തു. ട്രോളിബാഗ് സിദ്ദീഖിന്റെ കാറിന്റെ ഡിക്കിയിലാക്കിയാണ് അട്ടപ്പാടിയിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.