വടകര: കോവിഡിൽ ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും അടഞ്ഞു കിടന്നതോടെ മാഹിയിൽ നിന്ന് മദ്യക്കടത്ത് വർധിക്കുന്നു. മാഹിയിലേക്ക് മദ്യപന്മാരുടെ ഒഴുക്ക് കൂടിയത് രോഗപ്പകർച്ചക്ക് ഇടയാക്കുന്നു. നഗരസഭ സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നില്ല. അതിനാൽ വടകര,നാദാപുരം,ഓർക്കാട്ടേരി മേഖലകളിൽനിന്ന് ബസിലും സ്വകാര്യ വാഹനങ്ങളിലുമാണ് മാഹിയിലേക്ക് ആളുകൾ ഒഴുക്ക് തുടരുന്നത്. മാഹിയിൽ നിന്നും പല ഭാഗങ്ങളിലേക്കും വൻതോതിൽ മദ്യം കടത്തുന്നതും വർധിച്ചിട്ടുണ്ട്. മാഹി മേഖലയിലെ മദ്യഷാപ്പുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ല അതിർത്തിയായ അഴിയൂരിൽ എക്സൈസ് ചെക് പോസ്റ്റിൽ കർശന പരിശോധന തുടരുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചു ഊടുവഴികളിലൂടെയും മറ്റും മദ്യം കടത്തുന്നത് തുടരുകയാണ്. ഇതിനിടയിൽ മദ്യക്കടത്തുകാർ കടൽ മാർഗവും മദ്യം കടത്താനും പുതുവഴികൾ തേടിയിരിക്കയാണ്.
വാഹന പരിശോധനയിൽ പിടിക്കപ്പെടുമെന്നതിനാൽ മാഹിയിൽ നിന്നും കേരളത്തിലെ വിതരണക്കാരായ വിവിധ ഏജൻറുകൾക്ക് മദ്യമെത്തിക്കുന്നത് കടൽമാർഗമാണ്. ടാങ്കർ ലോറികളിലെ ഇന്ധന അറകളിലും മത്സ്യവാഹനങ്ങളിലും ആഡംബര വണ്ടികളിലും മദ്യം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതായി വിവരമുണ്ട്.
ടാങ്കർ ലോറികൾ പൊതുവെ പരിശോധനക്ക് വിധേയമാക്കാറില്ലാത്ത സാഹചര്യമാണ് ഈ സംഘങ്ങൾക്ക് ഗുണകരമാവുന്നത്. മദ്യക്കടത്ത് വാഹനങ്ങൾക്ക് ബൈക്കുകളിൽ നിരീക്ഷണ സംഘങ്ങളും രംഗത്തുണ്ട്. മദ്യക്കടത്ത് വർധിച്ചതോടെ എക്സൈസും കോസ്റ്റൽ പൊലീസും തീര മേഖലകളിലും പരിശോധന ശക്തമാക്കി. ആഘോഷങ്ങൾ അടുത്തതോടെ കടത്തുസംഘങ്ങൾ പുതുവഴി തേടുമ്പോൾ എക്സൈസിന് ആധുനിക വാഹനങ്ങൾ ഇല്ലാത്തത് കുഴക്കുന്നുണ്ട്.
25 കുപ്പി മദ്യവുമായി അറസ്റ്റിൽ
വടകര: ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി ചോമ്പാൽ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. ചേളന്നൂർ പഴുക്കാളി താഴത്തുനിലം ടി.എം. സുധീർകുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബസിൽ കൊണ്ടുവരുകയായിരുന്നു മദ്യം.
വടകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽകുമാറിെൻറ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി. വിപിൻ കുമാർ, പ്രിവൻറിവ് ഓഫിസർ ഗ്രേഡ് സി. രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എം. മുസ്ബിൻ, നിഷ ജോൺസ്, ആർ.എസ്. ബബിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
വടകര: സ്കൂട്ടറിൽ കടത്തുകയായിരുന്ന 17.5 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. വടകര ടൗൺ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കുന്നുംപുറത്ത് മണികണ്ഠനെ (21) അറസ്റ്റ് ചെയ്തത്.വടകര കനറാ ബാങ്കിന് മുൻവശംവെച്ച് സ്കൂട്ടറിൽ വെച്ചാണ് മദ്യം പിടികൂടിയത്.എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ജയപ്രസാദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. സുരേഷ്, കെ. ഷിരാജ്, എം. വിനീത്, കെ. വിനോദ്, മിഥുറാം, രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.