കോഴിക്കോട്: ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം രൂക്ഷമായതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ് ആശുപത്രികൾ. അടിയന്തരമായി ജീവനക്കാരെ നിയമിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ എൻ.എച്ച്.എം വഴി അടിയന്തര താൽക്കാലിക നിയമനം നടത്തുന്നുണ്ട്.
കോവിഡ് സി കാറ്റഗറി രോഗികളെ പരിശോധിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ ഉൾപ്പെടെ നൂറിലേറെ ജീവനക്കാരുടെ കുറവാണ് അനുഭവപ്പെടുന്നത്. ജീവനക്കാരുടെ നിയമനം വ്യാപകമായി നടക്കുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് കൂടുതലാണ്. ഗുരുതരരോഗികളെ പരിശോധിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ, നിന്നുതിരിയാൻപോലും സമയമില്ലാത്ത തിരക്കാകാം പുതുതായി വരുന്നവരുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നതെന്ന് നഴ്സിങ് സൂപ്രണ്ട് സുമതി പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴുനൂറോളം നഴ്സിങ് ജീവനക്കാരുണ്ട്. അതിൽ 60 ശതമാനംപേരും കോവിഡ് ഡ്യൂട്ടിയിലാണ്. ബാക്കിയുള്ളവർ കോവിഡ് ഇതര രോഗികളെ ചികിത്സിക്കുന്ന തിരക്കിലും. രണ്ട് വിഭാഗം രോഗികളുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നത് ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കോവിഡ് രോഗികളെ പരിചരിക്കുന്നവർ പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. കൊടും വേനൽ കാലത്ത് പി.പി.ഇ കിറ്റ് ധരിച്ച് ആറു മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ജീവനക്കാരെ തളർത്തുകയാണ്. കൂടാതെ സഹപ്രവർത്തകർ കോവിഡ് ബാധിച്ച് ചികിത്സയിലാവുമ്പോൾ അവരുടെ ജോലികൂടി മറ്റുള്ളവർ ഏറ്റെടുക്കേണ്ട അവസ്ഥയുമാണ്.
നിലവിൽ ആറുമണിക്കൂർ കൂടുന്ന നാല് ഷിഫ്റ്റുകളിലായാണ് നഴ്സിങ് സ്റ്റാഫുകളുടെ കോവിഡ് ഡ്യൂട്ടി. കോവിഡ് ഇതര വാർഡുകളിൽ മൂന്ന് ഷിഫ്റ്റുകളിലാണ് ജോലി. നഴ്സിങ് ജീവനക്കാർ മാത്രമല്ല, നഴ്സിങ് അസിസ്റ്റൻറുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി തുടങ്ങി എല്ലാവിധ ജീവനക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്. ഓരോ വിഭാഗത്തിലും കോവിഡ് വ്യാപനംകൂടി ഉണ്ടാകുമ്പോൾ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയുകയും ഡ്യൂട്ടിസമയം വർധിപ്പിക്കേണ്ടിവരുകയും ചെയ്യുകയാണ്.
ഈ മാസം 21 മുതൽ 26വരെ മെഡിക്കൽ കോളജിൽ മാത്രം 45 ആരോഗ്യപ്രവർത്തകരാണ് കോവിഡ് പോസിറ്റിവായത്. 81 പേർ രോഗലക്ഷണങ്ങളോടുകൂടിയോ സമ്പർക്കത്തോടുകൂടിയോ ചികിത്സയിലുണ്ട്. 21 മുതൽ 25വരെയുള്ള കണക്ക് പ്രകാരം ജില്ലയിലാകെ 365 ഓളം ആരോഗ്യപ്രവർത്തകരാണ് കോവിഡ് ബാധിതരായത്. 21ന് മാത്രം 105 പേരാണ് കോവിഡ് പോസിറ്റിവ് ആയത്. 22ന് 69 പേരും 23നും 24നും 73 വീതം ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 25ന് 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.