കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടക്കാവ് പൊലീസ് നൽകിയ അപേക്ഷ കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് പി. അഞ്ജലി തള്ളി. ഇതേ തുടർന്ന് പ്രതികളെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതി നൽകാനാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ജെഫ്രി ജോർജ് ജോസഫ് അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
പ്രതികളായ വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലു പറമ്പിൽ മുഹമ്മദ് ആഷിഖ് എന്ന സിക്കു (26) എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് തള്ളിയത്. ഫർഹാന മഞ്ചേരിയിലും മറ്റുള്ളവർ കോഴിക്കോട്ടുമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്നത്.
അറസ്റ്റ് ചെയ്ത് 15 ദിവസം കഴിഞ്ഞ് പൊലീസ് കസ്റ്റഡി അനുവദിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ഹിജാസ് അഹമ്മദ്, അഡ്വ. അബ്ദുൽ റഷീദ് എന്നിവരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡി അപേക്ഷ തള്ളിയത്.
കേസിൽ പ്രതികളെ നേരത്തേ കസ്റ്റഡിയിൽ നൽകിയതിനാൽ അന്വേഷണം ഏറെ മുന്നോട്ടുപോയശേഷം വീണ്ടും വിട്ടുകൊടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മാറുന്നതുകൊണ്ട് കേസ് പുതിയതായി പരിഗണിക്കാനാവില്ലെന്ന ഹൈകോടതി ഉത്തരവും പ്രതിഭാഗം ഉന്നയിച്ചു.
മൂന്ന് പ്രതികളെയും ജൂലൈ ഏഴുവരെ റിമാൻഡ് ചെയ്തു. പ്രതികളെ നേരത്തേ കസ്റ്റഡിയിൽ വിട്ടസമയത്ത് കൈയാമം വെച്ചതിനെതിരെ നൽകിയ ഹരജിയും കോടതി ഏഴിന് പരിഗണിക്കും. തിരൂർ പൊലീസെടുത്ത കേസ് നടക്കാവ് സ്റ്റേഷൻ ഏറ്റെടുത്ത സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസ് ആവശ്യം.
കഴിഞ്ഞ മേയ് 18ന് തിരൂർ ഏഴൂർ സ്വദേശിയായ കോഴിക്കോട് കുന്നത്ത് പാലത്ത് ചിക്കിൻ ബേക്ക് ഹോട്ടൽ നടത്തുന്ന സിദ്ദീഖിനെ (58) ഹണി ട്രാപ്പിൽ കുടുക്കി എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ച് വധിച്ച് ട്രോളി ബാഗിലാക്കി ഉപേക്ഷിക്കുകയും എ.ടി.എം ഉപയോഗിച്ച് പണം തട്ടുകയും മുറി കഴുകി തെളിവ് നശിപ്പിക്കുകയും ചെയ്തതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.