കോഴിക്കോട്: മിഠായിത്തെരുവ് നവീകരണത്തിൽ അപാകതകളേറെയെന്ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം.
മേയർ ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഇക്കാര്യം വ്യക്തമാക്കിയത്. അശാസ്ത്രീയമായി ഓവുചാലിന് മുകളിലിട്ട സ്ലാബും ടൈലുകളും പൊളിച്ചുനീക്കിയശേഷമേ ഓവുചാലിലുള്ള തടസ്സം നീക്കാനാവൂ.
ഓവുചാലിലെ തടസ്സം കാരണം കുടിവെള്ള പൈപ്പ് മലിനജലത്തിൽ മുങ്ങി നന്നാക്കാനാവാതെ ഒരുമാസമായി തെരുവിൽ വെള്ളം മുടങ്ങിയ കാര്യം എസ്.കെ. അബൂബക്കറാണ് കൗൺസിലിന്‍റെ ശ്രദ്ധയിൽപെടുത്തിയത്.
ഒരു ഭാഗത്തെ ടൈൽ പൊളിച്ച് പ്രശ്നം പരിഹരിക്കാൻ മാത്രം 10.08 ലക്ഷം രൂപ ചെലവ് വരുമെന്ന് എൻജിനീയർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി.
നവീകരണത്തിന് നേതൃത്വം നൽകിയ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 25നാണ് മിഠായിത്തെരുവിന്‍റെ ചുമതല കോർപറേഷന് കൈമാറിയതെന്ന് എൻജിനീയർ പറഞ്ഞു.
ഊരാളുങ്കൽ കോൺട്രാക്ട് സൊസൈറ്റിയാണ് തെരുവ് നവീകരിച്ചത്. ഓട പൊളിക്കാനാവാത്തതിനാൽ ഇപ്പോഴും ബ്ലോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മറ്റു ഭാഗങ്ങളിലും സമാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മൊത്തം പൊളിച്ചുപണിയേണ്ടിവരും.
കുടിവെള്ള പ്രശ്നത്തിന് ഉടൻ യോഗം വിളിച്ച് താൽക്കാലിക പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് മേയർ ഉറപ്പുനൽകി. ഊരാളുങ്കൽ സൊസൈറ്റിയുടെയും ഡി.ടി.പി.സി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് കെ. മൊയ്തീൻ കോയ പറഞ്ഞു. കോടികൾ ചെലവിട്ട് നന്നാക്കിയ തെരുവ് ഇങ്ങനെയായത് വലിയ പ്രശ്നമാണെന്ന് എൻ.സി. മോയിൻകുട്ടിയും പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.