ചാത്തമംഗലം: നാട്ടിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾക്കു വരെ സൗജന്യമായി നീന്തൽ പഠിപ്പിച്ച് ശ്രദ്ധാകേന്ദ്രമാകുകയാണ് സ്നേഹ പ്രഭ. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂർ പുൽപറമ്പിൽ സ്നേഹപ്രഭ പ്രദേശത്തെ നിരവധി പേർക്ക് ഇതിനകം നീന്തൽ പഠിപ്പിച്ചുകഴിഞ്ഞു.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും നീന്തൽ പഠിപ്പിക്കാൻ താൻ തയാറാണെന്ന് 57 കാരിയായ ഇവർ ഉറപ്പു നൽകുന്നു. വെള്ളന്നൂരിലെ വയലിനോട് ചേർന്ന പൊതു കുളത്തിലാണ് നീന്തൽ പഠനം. നിരവധിപേരാണ് നീന്തൽ പഠനത്തിനായി ഇവരെ തേടി എത്തുന്നത്. ചെറുപ്പത്തിൽ കല്ലുവെട്ടുകുഴിയിൽ നീന്തൽ അഭ്യസിച്ച സ്നേഹ പ്രഭ ഇതി െൻറ പ്രാധാന്യവും കുട്ടികളുടെ സുരക്ഷയും മുന്നിൽകണ്ടാണ് രംഗത്തിറങ്ങിയത്. പ്രതിഫലമൊന്നും സ്വീകരിക്കാതെയാണ് പഠിപ്പിക്കുന്നത്. ഇപ്പോൾ സിവിൽ ഡിഫൻസ് വളൻറിയർ കൂടിയായ ഇവർ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്.
നേരത്തേ കല്ലുവെട്ടുകുഴിയിൽ മഴക്കാലത്ത് വെള്ളം നിറയുമ്പോൾ പരിചയക്കാരായ കുട്ടികൾക്ക് നീന്തൽ പഠിപ്പിച്ചാണ് തുടങ്ങിയത്. ശരീരത്തിൽ കന്നാസ് കെട്ടിയായിരുന്നു പഠിപ്പിച്ചിരുന്നത്. സിവിൽ ഡിഫൻസ് വളൻറിയർ ആയതോടെ ജാക്കറ്റും മറ്റു സുരക്ഷാ മാർഗങ്ങളും ലഭ്യമായി. ചെറിയ കുട്ടികൾ വരെ ഇവരുടെ ശിഷ്യരിലുണ്ട്. നല്ലൊരു ടെയ്ലർ കൂടിയാണ് സ്നേഹപ്രഭ.
വൈകീട്ട് 3.30 മുതൽ തുടങ്ങുന്ന പരിശീലനം രാത്രി ഏഴുവരെ നീളും. ഭർത്താവ് വസന്ത കുമാർ വിമുക്ത ഭടനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.