മഠത്തുംകുഴി മലയിൽനിന്ന് ശക്തമായ നിലയിൽ മണ്ണും

ചളിയും ഒലിച്ചിറങ്ങുന്നു  

സോയിൽ പൈപ്പിങ് പ്രതിഭാസം; ആശങ്കയൊഴിയാതെ മഠത്തുംകുഴി നിവാസികൾ

കൊടുവള്ളി: കിഴക്കോത്ത്, മടവൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പാലോറമലയുടെ ഭാഗമായ മഠത്തുംകുഴിയിൽ സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന സംശയത്തെത്തുടർന്ന് ആശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് മഠത്തുംകുഴിയിൽ മലയോട് ചേർന്ന ഭാഗത്തുനിന്നും മണലും ചളിയും നിറഞ്ഞ വെള്ളം ഒഴുകിവന്നതോടെ ഭീതിയിലായ പ്രദേശവാസികൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിക്കുകയും മലയോട്‌ ചേർന്ന മഠത്തുംകുഴി, അരീക്കുഴി ഭാഗത്തെ 75 കുടുംബങ്ങളോട് മഴ കുറയുന്നതുവരെ വീടുകളിൽനിന്ന് മാറിത്താമസിക്കാൻ ആഗസ്റ്റ് ഒന്നിന് നിർദേശം നൽകിയിരിക്കുകയുമാണ്.

പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനാണ് അധികൃതർ നിർദേശം നൽകിയത്. എന്നാൽ പലരും വീടുകളൊഴിഞ്ഞ് കുടുംബ വീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.

മുൻ വർഷങ്ങളിലും സോയിൽ പൈപ്പിങ് പ്രതിഭാസം രൂപപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ എഴുപത് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചിരുന്നു. തുടർച്ചയായുള്ള പ്രദേശത്തെ പ്രതിഭാസം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര മാർഗങ്ങളുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാലോറമലയിൽ നിർമിക്കുന്ന റിസോർട്ട് സമുച്ചയത്തിന്റെ ഭാഗമായാണ് ഈ പ്രതിഭാസം ഉണ്ടായത് എന്ന പ്രദേശവാസികളുടെ പരാതിപ്രകാരം കേരള ഹൈകോടതി നിർമാണപ്രവർത്തനങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്.

സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന സംശയത്തെത്തുടർന്ന് രണ്ടുവർഷം മുമ്പ് ജില്ല കലക്ടറുടെ നിർദേശപ്രകാരം സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ സയന്റിസ്റ്റ്, സോയിൽ കൺസർവേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ സംഘം പരിശേധന നടത്തിയിരുന്നു. കെട്ടിടനിർമാണം നടക്കുന്ന മലക്കുമുകളിലും വെള്ളത്തോടൊപ്പം ചളിയും മണ്ണും കൂടിക്കലർന്ന് പുറത്തേക്കുവരുന്ന മഠത്തുംകുഴിയിലും പരിശോധിച്ച സംഘം ഇവിടത്തെ ചളിയും മണ്ണും ശേഖരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Soil Piping Phenomenon; Residents of Mathumkuzhi are not worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.