കോഴിക്കോട്: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ജില്ലയിൽ അപകടങ്ങൾ വർധിക്കുന്നു. ഗതാഗതക്കുരുക്കിലും ട്രാഫിക് സിഗ്നലുകളിലുംപെട്ട് വൈകുന്ന ബസുകൾ സമയം പാലിക്കാൻ മരണപ്പാച്ചിൽ നടത്തുന്നതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. കണ്ണൂർ ദേശീയപാത, ബാലുശ്ശേരി സംസ്ഥാനപാത, നരിക്കുനി റോഡ് എന്നീ ഭാഗങ്ങളിലെല്ലാം അപകടങ്ങൾ തുടർക്കഥയാവുകയാണ്.
തിങ്കളാഴ്ച മലാപ്പറമ്പ് ബൈപാസിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയതും സ്വകാര്യ ബസിന്റെ മരണപ്പാച്ചിലായിരുന്നു. അമിതവേഗത്തിൽ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തിൽപെട്ടു. ഇത് ഓടിച്ച പാലത്ത് പാലത്ത് ഊട്ടുകുളം വയലിൽ വിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം കാരപ്പറമ്പിലും വെസ്റ്റ് ഹില്ലിലും സമാന അപകടങ്ങൾ ഉണ്ടായിരുന്നു.
കാരപ്പറമ്പിൽ സ്വകാര്യ ബസിടിച്ചിട്ട സ്കൂട്ടർ യാത്രികൻ പിന്നാലെ വന്ന മറ്റൊരു ബസിന്റെ അടിയിൽ കുടുങ്ങി മരിച്ചു. വെസ്റ്റ് ഹില്ലിലും അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്ന കണ്ണൂർ ദേശീയപാതയിലടക്കം അപകടങ്ങൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്. ഗതാഗതക്കുരുക്കിൽപ്പെടുന്ന സ്വകാര്യ ബസുകൾ അമിതവേഗത്തിൽ മത്സരിച്ച് ഓടുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. മോട്ടോർ വാഹന വകുപ്പ് നിരന്തരം പരിശോധന നടത്തുന്നുണ്ടെങ്കിലും മരണപ്പാച്ചിൽ നിയന്ത്രിക്കാൻ കഴിയുന്നില്ല.
വേങ്ങേരി: ബസിന്റെ അമിതവേഗത്തിൽ അനാഥമായത് രണ്ടു കുട്ടികൾ. തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ വേങ്ങേരി ജങ്ഷനു സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് കക്കോടി കിഴക്കുംമുറി നെച്ചൂളിത്താഴത്ത് കെ.പി. ഷൈജുവും ഭാര്യ ജീമയും മരിച്ചതോടെ മക്കളായ അഷ്മിതക്കും അഷ്മിത്തിനും താങ്ങും തണലും നഷ്ടമായി.
ബൈപാസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റോഡിൽ ഏറെ തിരക്കാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതും ഒരുവശം ചരിഞ്ഞുകിടക്കുന്നതും ഏറെ അപകടം വരുത്തുകയാണ്. ഇരുചക്രവാഹനങ്ങളെ ഗൗനിക്കാതെയാണ് വലിയ വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതം നിയന്ത്രിക്കാൻ ഈ ഭാഗത്ത് പൊലീസ് എത്താത്തത് ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്. പല വാഹനങ്ങളും അപകടങ്ങളിൽനിന്ന് ഒഴിവാകുന്നത് തലനാരിഴക്കാണ്.
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ തൊട്ടുമുന്നിലുള്ള സ്വകാര്യ ബസ് ബ്രേക്കിട്ടപ്പോൾ നിർത്തുകയായിരുന്നു. വേങ്ങേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ നരിക്കുനി- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. ദമ്പതികൾ ഇരു ബസുകൾക്കുമിടയിൽപെട്ട് ദാരുണമായി മരിച്ചു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അർപ്പണ കലാവേദിയുടെ പ്രവർത്തകയായിരുന്നു ജീമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.