കോഴിക്കോട്: നിയമവിരുദ്ധമായി കൃത്രിമ നിറങ്ങൾ ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ സ്നേഹിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷ ജില്ലതല ഉപദേശക സമിതി തീരുമാന പ്രകാരം നടപടികൾക്ക് തുടക്കം. ‘നിറമല്ല രുചി’ എന്ന പേരിൽ ഇതിനായി എല്ലാ ഭക്ഷ്യസുരക്ഷ സർക്കിളുകളിലും ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ഹോട്ടൽ വ്യാപാരികൾ, ബേക്കറി നിർമാതാക്കൾ, വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാർഥികൾ എന്നിവർക്ക് കൃത്രിമ നിറങ്ങളുടെ അമിതമായ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകും.
രണ്ടുമാസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കുശേഷം നിയമവിരുദ്ധമായി കൃത്രിമ നിറം ചേർക്കുന്ന ഉൽപാദകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. നിലവിൽ കോഴിക്കോട് ജില്ലയിൽ നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്തതിന് 200ൽ അധികം പ്രോസിക്യൂഷൻ കേസുകൾ നടന്നുവരുന്നു.
ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ തുടങ്ങിയ ഹോട്ടൽ വിഭവങ്ങളിൽ കൃത്രിമ നിറം ചേർക്കാൻ പാടില്ല. ചിപ്സ്, റസ്ക്, ബേബി റസ്ക് മുതലായവയിലും കൃത്രിമ നിറമരുത്.
മിക്സ്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുളള കൃത്രിമ നിറം ചേർക്കാൻ പാടില്ല. ഐ.എസ്.ഐ മുദ്രയും എഫ്.എസ്.എസ്.എ.ഐ മുദ്രയും ഒക്കെയുള്ള നിറങ്ങൾ ആണെങ്കിലും ഭക്ഷണത്തിൽ ചേർക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.
ലഡു, ജിലേബി പോലുള്ളവയിൽ 10 കിലോയിൽ ഒരു ഗ്രാം കൃത്രിമ നിറം മാത്രമാണ് ചേർക്കാൻ അനുവാദമുള്ളത്. അതിൽ കൂടുതൽ ചേർക്കുന്നത് നിയമ വിരുദ്ധവും ഭക്ഷണം സുരക്ഷിതമല്ലാതാകുന്നതുമാണ്.
കോഴിക്കോട് ജില്ലയിൽ ശർക്കരയിൽ വ്യാപകമായി കൃത്രിമ നിറം ചേര്‍ത്ത് വിൽപന നടത്തുന്നതായി പരിശോധന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ നിയമം നിഷ്കർഷിക്കുന്ന ലേബൽ വിവരങ്ങൾ ഇല്ലാത്ത ശർക്കര ഭക്ഷ്യസുരക്ഷ അസി. കമീഷണർ നിരോധിച്ചിരുന്നു. കൃത്രിമ നിറം ചേര്‍ത്ത ശർക്കര വിപണിയിൽ കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.