കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാർ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി വൈകുന്നു. സർക്കാർ ജീവനക്കാരായ പ്രതികളെ കുറ്റവിചാരണ നടത്തുന്നതിന് സർക്കാറിൽനിന്ന് അനുമതി തേടണം. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് എ.സി, ഇതിനുള്ള അപേക്ഷ തയാറാക്കി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറിയിട്ട് ഒരു മാസത്തോളമായെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ഈ അപേക്ഷ കമീഷണർ ഓഫിസിൽനിന്ന് ഡി.ജി.പി ഓഫിസിലേക്ക് അയച്ചില്ലെന്നാണ് സൂചന. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സമരസമിതി നേതാക്കൾ അടക്കം സംശയിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന തരത്തിലായിരുന്നു കമീഷണറുടെ മറുപടി. അപേക്ഷ കൈമാറിയോ എന്നചോദ്യത്തിന് റിപ്പോർട്ട് ലഭിച്ചാലുടൻ പ്രൊസീജിയർ പ്രകാരം നടപടി സ്വീകരിക്കുമെന്നാണ് കമീഷണർ മറുപടി നൽകിയത്.
ഏറെ വിവാദമായ കേസിൽ ഡോക്ടർമാരുടെ സംഘടനയിൽനിന്നുള്ള സമ്മർദമടക്കം അതിജീവിച്ച് കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊലീസ് കോടതിയിൽ പ്രതിപ്പട്ടിക സമർപ്പിച്ചത്. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ അസി. പ്രഫസറായ ഡോ. രമേശൻ സി.കെ ആണ് കേസിൽ ഒന്നാം പ്രതി.
കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ. ഷഹന.എം രണ്ടാം പ്രതിയും കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലെ നഴ്സുമാരായ രഹന, മഞ്ജു.കെ.ജി എന്നിവരെ മൂന്നും നാലും പ്രതികളാക്കിയാണ് അന്വേഷണോദ്യോഗസ്ഥൻ അസി.കമീഷണർ കെ. സുദർശൻ പ്രതിപ്പട്ടിക സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരായ കുറ്റവിചാരണക്കുള്ള അനുമതി വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള ഒത്തുകളിയാണെന്ന സംശയം ബലപ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.