പയ്യോളി: യുദ്ധം പൊട്ടിപ്പുറപ്പെട്ട യുക്രെയ്നിൽനിന്ന് പയ്യോളി സ്വദേശികളടക്കമുള്ള മലയാളി വിദ്യാർഥികൾ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതോടൊപ്പം അതിർത്തി കടക്കാൻ ചെലവായത് വൻതുകയെന്ന് വിദ്യാർഥികൾ. അയനിക്കാട് കുറ്റിയിൽ പീടികക്ക്സമീപം 'സ്വലാഹ്'ൽ ബാബുവിന്റെയും ശബ്നയുടെയും മകൻ മുഹമ്മദ് ഫാഹിം അയനിക്കാട് കിഴക്കെ പുതുക്കുടി കുഞ്ഞബ്ദുല്ലയുടെയും ജാസ്മിന്റെയും മകൻ ജിഫ്രിൻ, ഇരിങ്ങൽ കോട്ടക്കൽ കിഴക്കെ പൈത്താന്റവിട ബാബുരാജിന്റെയും ലീനയുടെയും മകൻ നെവിൻ ബി. രാജ് എന്നിവരുൾപ്പടെ ഇരുപത്തിയൊന്നംഗ മെഡിക്കൽ വിദ്യാർഥി സംഘമാണ് കഴിഞ്ഞ ദിവസം ന്യൂഡൽഹിവഴി കൊച്ചിയിലെത്തിയത്.
യുദ്ധമാരംഭിച്ചതു മുതൽ ഖാർകിവിലെ മെട്രോ ഭൂഗർഭപാതയിൽ അഭയം പ്രാപിക്കുകയായിരുന്നു ഇവർ. ആറു രാപ്പലുകൾ കൈയിൽ കരുതിവെച്ച അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും മെട്രോപാതയുടെ ഭാഗമായുള്ള മുടങ്ങാതെയുള്ള കുടിവെള്ളവും കഴിച്ച് ഭൂഗർഭപാതക്കുള്ളിൽ ഏറെ നെഞ്ചിടിപ്പോടെ ഉറക്കം നഷ്ടപ്പെട്ട് ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഒടുവിൽ മാർച്ച് ഒന്നിനാണ് അതിർത്തി കടക്കാനുള്ള അവസരമൊരുങ്ങിയത്. ഖാർകിവിൽനിന്ന് 22 മണിക്കൂർ നീണ്ട ട്രെയിൻയാത്രക്ക് അഞ്ഞൂറ് ഡോളറും വീണ്ടും മറ്റൊരു സ്ഥലത്തേക്ക് ബസ്സിൽ എൺപത് കിലോമീറ്റർ സഞ്ചരിക്കാൻ വാങ്ങിയത് ആയിരം ഡോളറുമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കൂടുതലായി യുക്രെയ്ൻ കറൻസിയാണ് ഉണ്ടായിരുന്നതെങ്കിലും യു.എസ് ഡോളർ മാത്രമാണ് ഇടപാടുകൾക്കായി സ്വീകരിച്ചിരുന്നുതെന്നും വിദ്യാർഥികൾ പറഞ്ഞു. അതിർത്തി കടന്ന് പോളണ്ടിലെത്തിയതോടെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിദ്യാർഥിസംഘം ഡൽഹിയിലെത്തുകയായിരുന്നു.
മുഹമ്മദ് ഫാഹിമും ജിഫ്രിനും നാലാംവർഷ മെഡിക്കൽ വിദ്യാർഥികളാണ്. കോഴ്സ് പൂർത്തീകരിക്കാൻ ഒരു വർഷം ബാക്കിയിരിക്കെയാണ് യുദ്ധം കരിനിഴൽ വീഴ്ത്തിയത്. പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് രണ്ട് പേരുടെയും കുടുംബാംഗങ്ങൾ.
നെവിൻ ബി. രാജ് ഒന്നാം വർഷ വിദ്യാർഥിയാണ്. വിദ്യാർഥികളെ കാനത്തിൽ ജമീല എം.എൽ.എ വീട്ടിലെത്തി സന്ദർശിച്ചു. സി.പി.എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ.സി മുസ്തഫ, കോട്ടക്കൽ ലോക്കൽ സെക്രട്ടറി എൻ.ടി. അബ്ദുറഹിമാൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം വൈശാഖ് എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.