കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ച് മൂന്നു ദിവസം പിന്നിടുമ്പോഴും ഭിന്നശേഷി വിദ്യാർഥികൾക്ക് അർഹമായ പരീക്ഷാനുകൂല്യം നൽകാതെ പൊതു വിദ്യാഭ്യാസ വകുപ്പ് . പഠന പിന്നാക്കാവസ്ഥയുള്ള 70നും 84നും ഇടയിൽ ഐ.ക്യു ഉള്ള വിദ്യാർഥികളാണ് മെഡിക്കൽ ബോർഡ് ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പരീക്ഷാനുകൂല്യമില്ലാതെ വലയുന്നത്. ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് സ്ക്രൈബ് / അധിക സമയം എന്നീ പരീക്ഷാനുകൂല്യങ്ങൾ നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ മാർച്ച് 30ന് ഉത്തരവിട്ടിരുന്നു. എന്നാൽ, 31ന് നടന്ന എസ്.എസ്.എൽ.സി ആദ്യ പരീക്ഷയിൽ പഠന പിന്നാക്കാവസ്ഥയുള്ള ഭിന്നശേഷി കുട്ടികൾക്ക് ആനുകൂല്യം ലഭിച്ചില്ല.
സംസ്ഥാനത്ത് 10,000ത്തോളം കുട്ടികൾക്കാണ് ഐ.ക്യൂ അസസ്മെൻറ് റിപ്പോർട്ട് പ്രകാരം (ഐ.ക്യു 70 -84 ) പരീക്ഷാനുകൂല്യത്തിന് അർഹതയുള്ളത്. ഇതിനിടെ, പ്രതിഷേധം വ്യാപകമാകവെ ഏപ്രിൽ ആറിന് നടക്കുന്ന രണ്ടാമത്തെ പരീക്ഷക്ക് മുമ്പ് മെഡിക്കൽ ബോർഡ് ചേർന്ന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ 14 ജില്ല മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ വകുപ്പ് ഡയറക്ടർ ഏപ്രിൽ ഒന്നിന് ഉത്തരവിറക്കി. അടുത്ത പരീക്ഷക്ക് മുമ്പുള്ള പ്രവൃത്തിദിനങ്ങളായ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഐ.ക്യു അസസ്മെൻറ് ലഭിച്ച കുട്ടികൾക്കെല്ലാം മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് ശ്രമകരമാണെന്ന് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഭിന്ന ശേഷിക്കാർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടി ക്രമങ്ങൾ ആഴ്ചകളെടുത്താണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ രണ്ടു ദിവസത്തിനകം നൂറുകണക്കിന് കുട്ടികൾക്ക് എങ്ങനെ സർട്ടിഫിക്കറ്റ് നൽകുമെന്ന് അധികൃതർതന്നെ ചോദിക്കുന്നു.
കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലാണ് സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ പത്താം ക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ചത്. എന്നാൽ, ഐ.ക്യു അസസ്മെൻറ് പ്രകാരം അർഹരായ കുട്ടികൾക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അന്ന് നൽകാതിരുന്നതാണ് അധികൃതരെ ഇപ്പോൾ വിഷമവൃത്തത്തിലാക്കിയത്. പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തെ ജില്ല വിദ്യാഭ്യാസ ഓഫിസർമാരും ആശയക്കുഴപ്പത്തിലാണ്.
ഭിന്നശേഷി കുട്ടികൾക്ക് പരീക്ഷാനുകൂല്യം ലഭിക്കാത്തപക്ഷം വിദ്യാഭ്യാസ വകുപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് രക്ഷിതാക്കളുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.