കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളജിന് മുന്നിലാരംഭിച്ച സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ഹർഷീനക്ക് നൽകിയ ഉറപ്പിൽ തുടർ നടപടിയില്ല. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നൽകുമെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി നേരിട്ട് വന്ന് നൽകിയ ഉറപ്പ് മൂന്നാഴ്ചപിന്നിട്ടിട്ടും നടപ്പായില്ല. ഇതുസംബന്ധിച്ച് മന്ത്രിയിൽ നിന്നോ വകുപ്പിൽനിന്നോ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടുമില്ല. ഒരാഴ്ചകൂടെ കാത്തിരിക്കുമെന്നും തുടർന്നും നടപടിയില്ലെങ്കിൽ നോമ്പുകാലത്ത് കുടുംബവുമായി വീണ്ടും സമരത്തിനിറങ്ങുമെന്നാണ് ഹർഷീന പറയുന്നത്.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു അടിവാരം സ്വദേശിനി ഹർഷീന (32) മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിനുമുന്നിൽ സമരം തുടങ്ങിയത്. സമരം ഏഴാംദിവസത്തിലെത്തിയപ്പോഴാണ് മാർച്ച് അഞ്ചിന് ആരോഗ്യമന്ത്രി നേരിട്ടെത്തി ഹർഷീനയെ കണ്ടത്. പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് ചർച്ച നടത്തി രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരുമെന്നുമായിരുന്നു ഉറപ്പ്. സമരം അവസാനിപ്പിച്ച് രണ്ടാഴ്ചകഴിഞ്ഞപ്പോൾ ഹർഷീന മന്ത്രിയെ ഫോണിൽ വിളിച്ചതിനുപിന്നാലെ ഓഫിസിൽനിന്നും പരിഗണനയിലാണ് എന്ന മറുപടി ലഭിച്ചിരുന്നു. എന്നാൽ, അതിനിടെ നടന്ന മന്ത്രിസഭായോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.