നാദാപുരം: കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴി പുഴക്കുകുറുകെ നിർമിക്കുന്ന പാലത്തിന്റെ സർവേ നടപടി തുടങ്ങി. കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിച്ച് കല്ലാച്ചേരിക്കടവിലാണ് പാലം നിർമാണത്തിന് അനുമതി നൽകിയത്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം വർഷങ്ങൾക്കുമുമ്പ് അനുമതി കിട്ടിയ പാലം നിർമാണം കടലാസിൽ ഒതുങ്ങുകയായിരുന്നു.
എന്നാൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഭാഗത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട സർവേ തുടങ്ങിയത് പ്രദേശവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന പാലം നിർമാണത്തിന് വീണ്ടും പ്രതീക്ഷയേകിയിരിക്കുകയാണ്.
സർവേ പ്രവർത്തനങ്ങൾക്കായി കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കടവ് പരിസരത്തെത്തി.
കോഴിക്കോട് ഭാഗത്ത് അപ്രോച്ച് റോഡ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലങ്ങൾ ലഭ്യമായിട്ടും കടവത്തൂർ ഭാഗത്തെ അനുബന്ധ റോഡിന്റെ നിർമാണമാണ് ഇവിടത്തെ പ്രധാന പ്രശ്നം.
റോഡ് കടന്നുപോകുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി ഉടമകളുടെ സാന്നിധ്യത്തിൽ നടന്നു. എത്ര സ്ഥലം വിട്ടുനൽകേണ്ടിവരും എന്നതിലാണ് സ്ഥലമുടമകളിൽ ചിലർക്ക് ആശങ്കയുള്ളത്. സ്ഥലം വിട്ടുനൽകുന്ന മുറക്ക് പാലം നിർമാണം തുടങ്ങും. പാലത്തിന്റെ നിർമാണത്തിനായി കഴിഞ്ഞ ബജറ്റിൽ 10.14 കോടി രൂപ അനുവദിച്ചിരുന്നു.
പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പ്രാദേശിക തടസ്സങ്ങൾ കാരണം തുടർപ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. സർവേ നടപടികൾ വേഗംതന്നെ പൂർത്തിയാക്കും. കെ.ആർ.എഫ്.ബി എക്സി. എൻജിനീയർ ഷിബു കൃഷ്ണരാജ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അലി, തെക്കയിൽ സക്കീന, പാലം വിഭാഗം അസി. എക്സി. എൻജിനീയർ കെ. സജിത്ത് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.