കോഴിക്കോട്: റെഡ് ക്രോസ് റോഡിലെ ടാഗോർ സെന്റിനറി ഹാൾ പൊളിച്ചുപണിയാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാനുള്ള കമ്പനിയെ നിശ്ചയിച്ചു. കോർപറേഷൻ എം പാനൽഡ് ആർക്കിടെക്ടുകൾ നൽകിയ രേഖയിൽനിന്ന് ഏറ്റവുമധികം മാർക്ക് നേടിയ ഡി എർത്ത് ആർക്കിടെക്ടിനെ ചുമതലയേൽപിക്കാനാണ് കോർപറേഷൻ തീരുമാനം.
ഇവർക്ക് വിശദ പദ്ധതിരേഖ തയാറാക്കി സമർപ്പിക്കാനുള്ള അറിയിപ്പ് നൽകും. ഇക്കാര്യത്തിൽ അടുത്ത കോർപറേഷൻ കൗൺസിൽ യോഗം അവസാന തീരുമാനമെടുക്കണം.
അംഗീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാവും. ആദ്യ ഘട്ടത്തിൽ ആറ് എൻജിനീയറിങ് കമ്പനികൾ നൽകിയ ഡി.പി.ആറിൽനിന്ന് മൂന്നെണ്ണം കോർപറേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ കോർപറേഷൻ കൊണ്ടുവന്ന മാറ്റങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി പുതുക്കിയാണ് മൂന്നെണ്ണം പരിഗണിച്ചത്. പുതിയ പ്ലാൻ കോർപറേഷൻ ധനകാര്യ സ്ഥിരം സമിതി ചർച്ച ചെയ്ത ശേഷമാണ് കൗൺസിലിന്റെ പരിഗണനക്ക് വിട്ടത്.
കൂടുതൽ ഹാളുകളുള്ള സമുച്ചയമാണ് പണിയുന്നത്. തിയറ്ററും സാംസ്കാരിക പരിപാടികൾക്കുള്ള ഇടങ്ങളുമെല്ലാമുള്ള പ്ലാൻ തയാറാക്കും. കടലിനോട് ചേർന്ന പ്രദേശമായതിനാൽ തീരദേശ നിയന്ത്രണ നിയമത്തിന്റെ കാര്യങ്ങൾ കൂടി പരിഗണിക്കും.
2022 മുതലാണ് ഹാളിൽ പരിപാടികൾ കുറഞ്ഞ് അടച്ചിടാൻ തീരുമാനിച്ചത്. 2023 ജനുവരി ഒമ്പതിന് കോർപറേഷൻ കൗൺസിൽ യോഗം ഹാൾ പൊളിച്ചുപണിയാൻ തീരുമാനിച്ചു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ടാഗോർ ഹാളിൽ ഒരു വർഷമായി പരിപാടികൾ നടത്താറില്ല. കസേരകൾ പൊളിഞ്ഞതും എ.സി കേടാവുന്നതുമെല്ലാം പതിവായിരുന്നു.
മതിയായ വൈദ്യുതി വിതരണ സംവിധാനമില്ലാത്തതിനാൽ എ.സി ഹാളിലെത്തുന്നവർ വിയർത്തൊഴുകുന്ന അവസ്ഥ വന്നിരുന്നു. കസേരകൾ പൊളിഞ്ഞു.
ഹാളിലെ അലങ്കാര വിളക്കുകളും പാനലുകളും പല ഭാഗത്തും ഇളകിവീണു. വൻ തുക ചെലവിട്ട് എ.സി സ്ഥാപിച്ചെങ്കിലും കുറച്ച് കാലം മാത്രമാണ് പ്രശ്നമില്ലാതെ പ്രവർത്തിച്ചത്. വാടകക്ക് എടുക്കുന്നവർ പുറമെനിന്ന് ജനറേറ്റർ വെച്ചപ്പോൾ ഹാളിലെ വൈദ്യുതി സംവിധാനം മിക്കയിടത്തും തകരാറിലായി. വലിയ പരാതി ഉയർന്നതോടെയാണ് ഹാൾ അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.