കോഴിക്കോട്: ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാനെത്തിയ ഛത്തിസ്ഗഢ് കമ്പനി അധികൃതർ സമരസമിതിയുടെ പ്രതിരോധത്തെത്തുടർന്ന് മടങ്ങി. കമ്പനി പ്രതിനിധികൾ വരുമെന്നറിഞ്ഞ് രാവിലെ എട്ടു മുതൽ സമരസമിതിയും നാട്ടുകാരും പ്രതിരോധവുമായി എത്തിയിരുന്നു. രാവിലെ മുതൽ സ്റ്റീൽ കോംപ്ലക്സ് പരിസരിത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട കമ്പനി അധികൃതർ നല്ലളം പൊലീസ് സ്റ്റേഷനിലാണ് എത്തിയിരുന്നത്. ഛത്തിസ്ഗഢ് ഔട്ട്സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ആർ.എ) ഡയറക്ടർ കുമാർ പഹുർകാർ, നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയോഗിച്ച റസീവർ അനിൽ അഗർവാൾ എന്നിവരാണ് കമ്പനി ഏറ്റെടുക്കാൻ എത്തിയത്. ഇവർക്ക് സ്റ്റീൽ കോംപ്ലക്സിലേക്ക് പ്രവേശിക്കാൻ സാഹചര്യമൊരുക്കാനായി സർവ സന്നാഹങ്ങളുമായി 11 മണിയോടെ കൂടുതൽ പൊലീസെത്തി.
ഇതോടെ സമരസമിതി പ്രതിഷേധം ശക്തമാക്കി. സമരക്കാരെ അറസ്റ്റ്ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചത് ഇരുവിഭാഗവും തമ്മിൽ ഉന്തിനും തള്ളിനുമിടയാക്കി. രംഗം ശാന്തമാക്കിയ സമരസമിതി നേതാക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഒരു കാരണാവശാലും കമ്പനി അധികൃതരെ സ്റ്റീൽ കോംപ്ലക്സിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർശന നിലപാടെടുത്തു. ഇതോടെ കമ്പനി അധികൃതരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. കമ്പനി അധികൃതർ ചൊവ്വാഴ്ച വീണ്ടും എത്തുമെന്നാണ് വിവരം.
എന്നാൽ, സ്റ്റീൽ കോംപ്ലക്സ് സ്വകാര്യവത്കരിക്കാൻ അനുവദിക്കില്ലെന്നും കമ്പനി അധികൃതരെ തടയുമെന്നും സ്റ്റീൽ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി എം. രാജു അറിയിച്ചു. വരുംദിവസങ്ങളിൽ പ്രതിരോധം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. ഞായറാഴ്ചയും പ്രതിരോധമൊരുക്കി നാട്ടുകാരും സമരസമിതിയും രംഗത്തെത്തിയിരുന്നു.
സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുത്ത സ്വകാര്യ കമ്പനി പ്രതിനിധിക്ക് സ്റ്റീൽ കോംപ്ലക്സിൽ പ്രവേശിക്കാൻ സംരക്ഷണം നൽകാൻ കഴിഞ്ഞ ദിവസം പൊലീസിനു ഹൈകോടതി നിർദേശം നൽകിയിരുന്നു. സ്റ്റീൽ കോംപ്ലക്സ് സ്വത്തുക്കൾ കമ്പനി ഏറ്റെടുക്കുന്നതിനു തടസ്സം നിൽക്കരുതെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു യൂനിയനുകളുടെ ജില്ല സെക്രട്ടറിമാർക്കും നിർദേശം നൽകി.
ജൂൺ ഏഴിനും സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാനെത്തിയ ഛത്തിസ്ഗഢ് കമ്പനി ഡയറക്ടറും റസീവറും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോവുകയായിരുന്നു. ഇത് കോടതിവിധി തടസ്സപ്പെടുത്തലാണെന്നു വ്യക്തമാക്കി ഛത്തിസ്ഗഢ് കമ്പനി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് സംരക്ഷണത്തിന് കോടതി നിർദേശം നൽകിയത്.
കനറാ ബാങ്കിൽനിന്ന് 2013ൽ എടുത്ത 45 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് സ്റ്റീൽ കോംപ്ലക്സ് വിൽക്കുന്നതിലേക്കു നീങ്ങിയത്. എന്നാൽ, 300 കോടിയിലേറെ വിലമതിക്കുന്ന സ്റ്റീൽ കോംപ്ലക്സ് വെറും 25 കോടി രൂപക്ക് എസ്.ആർ.എ കമ്പനിക്ക് വിട്ടുകൊടുത്തതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.